അമ്മിണിക്കുട്ടിയുടെ മടി എന്ന് പറഞ്ഞാൽ അതൊരു അന്താരാഷ്ട്ര ലെവൽ മടിയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായിട്ട് ഭർത്താവ് തങ്കക്കുട്ടന്റെ ഒരൊറ്റ ഡിമാൻഡ് കാരണം അവളുടെ സമാധാനം പോയിരുന്നു — രാവിലെയും വൈകിട്ടും ഓംലെറ്റ്! മുട്ട പുഴുങ്ങി തിന്നാൻ പറഞ്ഞാൽ കേൾക്കില്ല, മൂപ്പർക്ക് ഓംലെറ്റ് തന്നെ വേണം. വീണ്ടും ഒരു ഓംലെറ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ അമ്മിണിക്കുട്ടിക്ക് ഡിപ്രഷൻ വരാൻ തുടങ്ങി.
പക്ഷേ കഴിഞ്ഞ രാത്രി തങ്കക്കുട്ടൻ പട്ടിണി കിടക്കുന്ന ലുക്കിൽ വന്ന് നോക്കിയപ്പോൾ പാവം തോന്നി അമ്മിണിക്കുട്ടി പറഞ്ഞുപോയി: "ശരി മനുഷ്യാ, നാളെ രാവിലെ നിനക്ക് ഞാൻ സൂപ്പർ ഓംലെറ്റ് ഉണ്ടാക്കി തരാം."
തങ്കക്കുട്ടൻ മനസ്സിൽ വിചാരിച്ചു: 'ഇവൾ കഴിഞ്ഞ ഒരാഴ്ചയായി ഒരു പണിയും ചെയ്യാതെ സോഫയിൽ പശ വെച്ച ഒട്ടിച്ചതുപോലെ കിടപ്പാണ്. ഇന്ന് ഇവളുടെ ഈ മടി ഞാൻ മാറ്റിയെടുക്കാം!'
രാവിലെ കണ്ണ് തിരുമ്മി അടുക്കളയിലേക്ക് വന്ന അമ്മിണിക്കുട്ടിയുടെ മുന്നിലേക്ക് തങ്കക്കുട്ടൻ ഒരൊറ്റ ചാട്ടമായിരുന്നു. എന്നിട്ട് കൈകെട്ടി നിന്ന് ആജ്ഞാപിച്ചു:
"അമ്മിണിക്കുട്ടീ... എനിക്ക് വെറും ഉള്ളിയും പച്ചമുളകും ഇട്ട ഓംലെറ്റ് പോരാ. ഇന്നലെ രാത്രി നമ്മൾ കഴിച്ച ന്യൂഡിൽസ് ബാക്കി ഇരിപ്പുണ്ട്, അതുകൂടി ഇതിലിട്ട് കലക്കി ഒരു 'ന്യൂഡിൽസ് ഓംലെറ്റ്' വേണം. അത് കഴിഞ്ഞ് ഫ്രിഡ്ജിൽ കുറച്ചു പൊട്ടറ്റോ മസാല ഇരിപ്പുണ്ട്, അതുകൂടി വെച്ച് വേറൊരു 'പൊട്ടറ്റോ മസാല ഓംലെറ്റ്' കൂടി വേണം. ആകെ രണ്ട് വെറൈറ്റി. ഒന്നിന് പുറകെ ഒന്നായി ടേബിളിൽ വരണം, കേട്ടോ!"
ഇത് കേട്ടതും അമ്മിണിക്കുട്ടിയുടെ ചെവിയിൽ നിന്ന് പുക വരാൻ തുടങ്ങി. ഉള്ളിൽ ദേഷ്യത്തിന്റെ ഒരു വലിയ 'സുനാമി' തന്നെയുണ്ടായി. 'ഇവനെ ഞാൻ ഇന്ന്...' എന്ന് മനസ്സിൽ വിചാരിച്ചെങ്കിലും, വാക്ക് കൊടുത്തുപോയതുകൊണ്ട് അവൾ പല്ലുകടിച്ചു പിടിച്ചു.
അമ്മിണിക്കുട്ടി കലിപ്പിൽ മുട്ട എടുക്കാൻ പോയി. ആ സീൻ ഉണ്ടല്ലോ... ബാഹുബലി സിനിമയിൽ പ്രഭാസ് ആ ഭീമാകാരമായ ശിവലിംഗം തോളിൽ ചുമന്നു കൊണ്ട് വരുന്ന ആ ഒരു മാസ്സ് ബി.ജി.എം അമ്മിണിക്കുട്ടിയുടെ ബാക്ക്ഗ്രൗണ്ടിൽ (അവളുടെ മനസ്സിൽ) മാരകമായി മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു!
അവൾ ഫ്രിഡ്ജിൽ നിന്ന് ആ ചെറിയ കോഴിമുട്ടയെടുത്ത് കൈവെള്ളയിൽ വെച്ചത് ബാഹുബലി വലിയ കല്ല് ചുമക്കുന്നത് പോലെയായിരുന്നു. കണ്ണ് ചുവപ്പിച്ച്, പല്ലുകടിച്ച്, ഒരൊറ്റ ആക്ഷനിൽ അവൾ ആ മുട്ട കല്ലിൽ തട്ടിപ്പൊട്ടിച്ചു! (ബാക്ക്ഗ്രൗണ്ടിൽ 'ധീവര... ധീവര...' പാട്ടിന്റെ ഹൈ പിച്ച്!)
അടുക്കളയിൽ നിന്ന് പാത്രങ്ങൾ തല്ലിപ്പൊളിക്കുന്ന ശബ്ദം കേട്ട് തങ്കക്കുട്ടൻ ഹാളിൽ ഇരുന്ന് ഭയത്തോടെ ഉമിനീരിറക്കി. എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട്, തങ്കക്കുട്ടൻ പറഞ്ഞത് പോലെ ന്യൂഡിൽസ് ഇട്ടൊരു മഞ്ഞ ഓംലെറ്റും, പൊട്ടറ്റോ മസാല വെച്ച് വേറൊരു കട്ടി ഓംലെറ്റും അവൾ ഉണ്ടാക്കി. രണ്ട് വലിയ പ്ലേറ്റുകളിലായി അത് ഡൈനിങ് ടേബിളിൽ കൊണ്ടുവെച്ചു. കൂടെ പുതിന ഇട്ട ഒരു ചായയും .
എന്നിട്ട് അമ്മിണിക്കുട്ടി കൈയും കെട്ടി, കണ്ണ് ചിമ്മാതെ അവിടെത്തന്നെ വെയിറ്റ് ചെയ്തു നിന്നു. സാധാരണ എന്തെങ്കിലും കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുത്താൽ തങ്കക്കുട്ടൻ "ഉമ്മ... എന്റെ മുത്തേ അടിപൊളി" എന്നൊക്കെ പറഞ്ഞ് സോപ്പിടേണ്ടതാണ്. പക്ഷേ തങ്കക്കുട്ടൻ ദാ ഇരിക്കുന്നു, ഒന്നും മിണ്ടാതെ രണ്ട് ഓംലെറ്റും മാറി മാറി ആർത്തിയോടെ തിന്നുന്നു!
അമ്മിണിക്കുട്ടിക്ക് ദേഷ്യം വന്നിട്ട് തലച്ചോറിലെ നരമ്പുകൾ പൊട്ടാൻ തുടങ്ങി. എങ്കിലും അവൾ കൺട്രോൾ ചെയ്ത് ഒന്നും മിണ്ടിയില്ല. അവൻ തന്നെ പറയട്ടെ എന്ന് വിചാരിച്ചു.
തങ്കക്കുട്ടൻ പ്ലേറ്റ് കാലിയാക്കിയിട്ടും ഒന്നും മിണ്ടുന്നില്ല. ഒടുവിൽ സഹികെട്ട് അമ്മിണിക്കുട്ടി ചോദിച്ചു: "എന്താ ... നിങ്ങളൊന്നും പറയാത്തത്?"
തങ്കക്കുട്ടൻ പ്ലേറ്റിൽ നിന്ന് തലയുയർത്തി, വായിലെ ന്യൂഡിൽസ് പകുതി വിഴുങ്ങിയിട്ട് വളരെ നിസ്സാരമായി ചോദിച്ചു: "അല്ല, ഞാൻ എന്ത് പറയാൻ?"
"അല്ല... ഞാൻ രണ്ട് ടൈപ്പ് കഷ്ടപ്പെട്ട്, എന്റെ ഈ പൊന്നു കൈകൊണ്ട് ഉണ്ടാക്കി തന്നതല്ലേ! എങ്ങനെയുണ്ട്?" അമ്മിണിക്കുട്ടി പല്ലിറുമ്മി ചോദിച്ചു.
തങ്കക്കുട്ടൻ ചുണ്ട് മലർത്തിക്കൊണ്ട് വളരെ നിഷ്കളങ്കമായി പറഞ്ഞു: "ആണോ? രണ്ട് ടൈപ്പ് ആയിരുന്നോ? എനിക്ക് രണ്ടിനും ഒരേ ടേസ്റ്റാ തോന്നിയത്! ഇതിപ്പോ ന്യൂഡിൽസ് ആയാലും പൊട്ടറ്റോ ആയാലും ഒരേ മുട്ടയുടെ ടേസ്റ്റ് തന്നെയല്ലേ അമ്മിണിക്കുട്ടീ..."
അത്രയേ വേണമായിരുന്നുള്ളൂ! ഇത് കേട്ടതും അമ്മിണിക്കുട്ടിയുടെ ബോധം നേരെ റോക്കറ്റ് പോലെ മുകളിലേക്ക് പോയി. ദേഷ്യം കൊണ്ട് അവളുടെ തലച്ചോർ പുകഞ്ഞു കരിഞ്ഞു.
അവൾ നേരെ പറന്ന് മൗണ്ട് എവറസ്റ്റിന്റെ മുകളിലേക്ക് അങ്ങ് കയറിപ്പോയി! അവിടെ ചെന്ന്, അവിടുത്തെ കഠിനമായ തണുപ്പും മഞ്ഞും കണ്ട് 'ഹാവൂ' എന്ന് പറഞ്ഞ് അവളുടെ ദേഷ്യം ഒന്ന് തണുത്തു. ആ മഞ്ഞു തണുപ്പ് അടിച്ചതും പെട്ടെന്ന് ബോധം തിരിച്ചു കിട്ടിയ അമ്മിണിക്കുട്ടി, വന്ന അതേ റോക്കറ്റ് സ്പീഡിൽ താഴേക്ക് ഒറ്റ ക്രാഷ്!
കണ്ണ് തുറന്ന് നോക്കുമ്പോൾ തങ്കക്കുട്ടൻ പ്ലേറ്റും നക്കിക്കൊണ്ട് ചോദിക്കുകയാണ്: "അമ്മിണിക്കുട്ടീ, രാവിലെ തന്നത് ഒരേ ടേസ്റ്റ് ആയതുകൊണ്ട് എനിക്ക് മനസ്സിലായില്ല. വൈകിട്ടത്തേക്ക് ഒരു ചീസ് ഓംലെറ്റും കൂടി ഉണ്ടാക്കിയാൽ ടേസ്റ്റ് തിരിച്ചറിയാമായിരുന്നു. ഒന്ന് നോക്കുന്നോ?"
അമ്മിണിക്കുട്ടി പിന്നെ ഒന്നും നോക്കിയില്ല, സോഫയിലെ കുഷ്യൻ എടുത്ത് തങ്കക്കുട്ടന്റെ തലയിലേക്ക് ഒരൊറ്റ ഏറായിരുന്നു! എന്നിട്ട് തലവഴി പുതപ്പുമിട്ട് വീണ്ടും പഴയതുപോലെ ഒരൊറ്റ കിടപ്പ്
-- ആമി --


Comments
Post a Comment