കാവ്

ഞായറാഴ്ച്ച ദിവസങ്ങൾ മിക്കപ്പോഴും കാവിലേക്കു പോവും. വീട്ടിൽ നിന്നും 2 മണിക്കൂർ നടന്നാൽ മാത്രമാണ് കാവിൽ എത്തുക കാവിനു കുറെ അധികം പ്രത്യേകതകൾ എന്നിക്കു തോന്നിയിട്ടുണ്ട് . കാവിലേക്കു പോകുന്ന വഴി 2 കുന്നു കയറി വേണം പോവാൻ അതിൽ രണ്ടാമത്തെ കുന്നു കയറുമ്പോൾ ഓട്ടോ ജീപ്പ് ഇതെല്ലം മറഞ്ഞു വീഴും ഇനി ഇപ്പോൾ ഓട്ടോയിൽ പോയാലും ആ കുന്നു എത്തിയാൽ എല്ലാവരും ഇറങ്ങി നടക്കും. നടന്നു പോവുന്ന വഴിക്കു കുറുക്കൻ ,മയിൽ ,ചെമ്പോത്തു അങ്ങനെ വിവിധ പക്ഷി മൃഗാദികളെ കാണാം .

കാവിലേക്കു പോവുന്നത് ഒരു ആഘോഷമായിട്ടാണ് . വീടിൻറെ പുറകിൽ ആണ് മാലതിയുടെ വീട് . അമ്മാമ്മക് അവരുടെ കൂടെ പോവുന്നതൊന്നും ഇഷ്ടമല്ല . അവരുടെ കൂടെ ഒന്നും നമ്മൾ നടക്കില്ല എന്നാണ് പറയാറ് . എന്തായാലും മിക്ക അംബാല ദർശനത്തിനും അവർ കൂടെ കാണും , അല്ലെങ്കിൽ അമ്മയുടെ കൂട്ടുകാരികൾ , അതുമല്ലങ്കിൽ ആഴ്ചയിൽ വീട്ടിൽ നിൽക്കാൻ വരുന്ന അമ്മായിയും മക്കളും .

അങ്ങനെ രാവില്ലേ തന്നെ കുളിച്ചു  സുന്ദരി ആയി പട്ടു പാവാടയും, തുളസി കതിരും ഒകെ ഇട്ടു നടക്കാൻ തുടങ്ങും. 6 :30 തുടങ്ങുന്ന നടത്തം ആണ് .കാവിൽ എത്താൻ 8 മാണി എങ്കിലും ആവും . ആ നടത്തത്തിൽ ഒരുപാടു കാര്യങ്ങൾ ഉണ്ട് . പോകുന്ന വഴിക്കുള്ള കാശിത്തുമ്പകൾ , തുമ്പപൂക്കൾ , തുപ്പൽപൊട്ടി , പാലുമായി നടക്കുന്ന മാളൂട്ടി  പശുവുമായി നടക്കുന്ന അസൈനാർ ങ്ങനെ  കുറെ പേർ .ഒരു മണിക്കൂർ നടന്നാൽ  വല്യച്ഛൻറെ ഒരു ബന്ധുവിൻറെ കട ഉണ്ട് . അവിടെ എത്തിയാൽ ആ മാമൻ കുറെ മുട്ടായി ദിനപത്രത്തിൽ പൊതിഞ്ഞു തരും .വല്യമ്മ കൂടെ ഉണ്ടെങ്കിൽ സ്നേഹം ഊട്ടി  ഉറപ്പിക്കാൻ കുറച്ചധികം സാധനങ്ങൾ കൂടി തരും .

അങ്ങനെ രണ്ടു കുന്നും കയറി കഴിഞ്ഞാൽ ഓരോ ആളുകളെ മനസ്സിൽ വിചാരിച്ചു കല്ല് പെറുക്കാൻ തുടങ്ങും . അവർക്കു വേണ്ടി പ്രാർത്ഥിച്ചു ആ കല്ല് കാവിന്റെ മുകളിൽ എത്തിയാൽ ദൂരേക്കു വലിച്ചെറിയണം . അങ്ങനെ ചെയ്താൽ നമ്മൾ അവർക്കു വേണ്ടി എന്താന്നോ പ്രാർഥിച്ചത് അത് നടക്കും എന്നാണ് വിശ്വാസം .
അങ്ങനെ കാവിലേക്കു എത്തുമ്പോഴേക്കും ദാഹിച്ചു വലയും . എത്തുമ്പോൾ തന്നേ അവിടത്തെ പടി കെട്ടിൽ ഒരു കുടത്തിൽ വെള്ളം വച്ചിട്ടുണ്ടാകും. ആ വെള്ളത്തിന് ഭയങ്കര തണുപ്പും സ്വാദുമാണ് . പിന്നെ ആണ് കാവിന്റെ അകത്തേക്ക് കയറി പ്രാർത്ഥന . പ്രസാദം വാങ്ങുന്ന സ്ഥലത്തു കുറെ തോട്ടിൽ കെട്ടി തൂക്കിയിരിക്കും അത് കാറ്റത്തു ആടുന്നത് കാണാൻ നല്ല ഭംഗി ആണ് . ആദ്യം ഒന്നും എന്തിനാ എന്നറിയില്ലായിരെങ്കിലും പിന്നീട് മനസിലായി .

കാവിന്റെ പുറത്തു കുറെ ആൽമരങ്ങൾ ഉണ്ട്. അതിൽ ഒരു ആൽമര ചുവട്ടിൽ ഇരികാനുള്ള പടികളും . അങ്ങനെ കുറച്ചു നേരം അവിടെ ഇരുന്ന് താഴെ നിന്നും ശബ്‍ദം ഉണ്ടാകുന്ന മയിലുകളോട് തിരിച്ചു അതെ ശബ്ദത്തിൽ മറുപടി കൊടുത്ത ഇറങ്ങും . ഇറങ്ങുന്ന വഴിക്കു വെളിച്ചപ്പാടിന് ദക്ഷിണ കൊടുക്കുന്ന ചടങ്ങു ഉണ്ട്. എത്ര പറഞ്ഞാലും 'അമ്മ എന്നേ കൊണ്ട് തന്നെ കൊടുപ്പിക്കും . പഠിക്കാൻ ഭയങ്കര മിടുക്കി ആയിരുന്നത് കൊണ്ട് എവിടെ പോയാലും 'അമ്മ അനുഗ്രഹം വാങ്ങിപ്പിക്കാൻ മുൻപന്തയിൽ നിർത്തും . പേടിച്ചാണ് വെളിച്ചപ്പാടിന് ദക്ഷിണ കൊടുക്കാൻ നിൽക്കുക . അമ്മമ്മ പറഞ്ഞിട്ടുണ്ട് ഭഗവാന് ഇഷ്ടമല്ലാത്ത കാര്യങ്ങൾ നമ്മൾ ചെയ്തിട്ടുണ്ടെൽ വെളിച്ചപ്പാടിന് ദേവി അത് കാണിച്ചു കൊടുക്കും. വെളിച്ചപ്പാട് അപ്പോൾ തന്നെ നമ്മുടെ തലയും വെട്ടും. അങ്ങനെ പേടിച്ചു വേഗം ദക്ഷിണ വെച്ച് അമ്മയുടെ സാരിത്തുമ്പിലേക്കു മാറും അനുഗ്രഹം ഒന്നും എന്നിക്കു വേണ്ട അമ്മക്ക് കൊടുത്തോ എന്ന ഭാവത്തിൽ . ഇനി ആ സമയത്തു ദേവി എങ്ങാനും  എന്റെ കാര്യങ്ങൾ ഓർമിപ്പിച്ച പിന്നെ തല മാത്രം ആവില്ല മൊത്തം വെളിച്ചപ്പാട് വെട്ടും


തിരിച്ചു വരുന്ന വഴിക്കാണ്  നാരായണ മാമ്മയുടെ വീട് . അവർക്കു ഹോട്ടൽ ഉണ്ട് അങ്ങാടിയിൽ ആണ് . അവിടേക്കുള്ള ഉഴുന്ന് വട , പരിപ്പുവട, എല്ലാം ഇവിടെ നിന്നാണ് ഉണ്ടാക്കി കൊണ്ടുപോവുന്നത് . ഞങ്ങൾ തിരിച്ചു വരുമ്പോൾ അവിടെ നിന്നും ഉഴുന്നുവടയും, പരിപ്പ് വടയും, സുഖിയൻ ഇതെല്ലം വാങ്ങിക്കും (എപ്പോഴും ആലോചിക്കും സുഖിയൻ എങ്ങനെ ആണ് ഈ പേര് വന്നത്, കഴിക്കുമ്പോൾ നമ്മുക്കോ ഉണ്ടാകുന്ന ആളുകൾക്കോ അത്ര സുഖമുണ്ടോ?അറിയില്ല ). മിക്ക ദിവസവും വാങ്ങുന്നത് കൊണ്ട് മണി അമ്മൂമ്മ  3 -4 അധികം വെച്ച് തരും . ചൂടോടു കൂടി എല്ലാവരും കൂടി ഇരുന്നു അത് കഴിച്ചു തീർക്കും. ആ ഉഴുന്നുവടയുടെ രുചി ഇന്നും വായിൽ ഉണ്ട്. പിന്നെ പല പ്രാവശ്യം ആ ഹോട്ടലിൽ നിന്നും കഴിച്ചെങ്കിലും ആ  രുചി കിട്ടിയില്ല

-ആമി -

Comments