ശിവ ക്ഷേത്രം

അമ്മയുടെ വീടിനടുത്തു കുറെ അമ്പലങ്ങൾ ഉണ്ട്. എല്ലാം തന്നെ അധികം തിരക്കൊന്നുമില്ലാത്ത അമ്പലനങ്ങൾ ആണ് . എല്ലാ ദിവസവും രാവിലെ  ശിവ ക്ഷേത്രത്തിൽ പോവുന്ന പതിവ് ഉണ്ടായിരുന്നു. ഗുരുവായൂർ അമ്പലത്തിനു ശേഷം പിന്നെ എനിക്ക്  ഏറ്റവും ഇഷ്ടപെട്ട അമ്പലം ആ ശിവക്ഷേത്രമാണ്.


അമ്പലത്തിലേക്ക് വീട്ടിൽ നിന്നും 5 നിമിഷം നടക്കാനുള്ള ദൂരമേ ഉള്ളു .അമ്പലത്തിന്റെ മുന്നിൽ വലിയ ഒരു കുളമാണ് . എന്നും നിറയെ താമര വിരിഞ്ഞു നില്കും. പരിചയമുള്ള  ആരെങ്കിലും അവിടെ കുളിക്കാൻ വന്നിട്ടു ഉണ്ടെങ്കിൽ . പ്രത്യേകിച്ച് വീട്ടിൽ കളിക്കാൻ വരുന്നതോ , ടി വി കാണാൻ വരുന്നതോ ആയ ചെക്കന്മാർ , " ഒരു താമര പറിച്ചു തരുമോ " എന്ന് ചെറുപുഞ്ചിരിയോടെ ചോദിക്കും.


അമ്പലത്തിലേക്കുള്ള കുറച്ചു ദൂരം പാടത്തിന്റെ വരമ്പിലൂടെ നടക്കണം . ആ വരമ്പ് ഒരാളുടെ കാല് വെക്കാൻ പോലും സ്ഥലമില്ല . വരമ്പ് ഇപ്പോൾ ഇടിഞ്ഞു താഴെ പോവുമോ എന്ന പേടിയോടെ അന്ന് എന്നും നടക്കാറ് . വരമ്പിന്റെ ഒരു പുറം വീടുകളും മരങ്ങളും ആണ്. അവിടെ എന്നും പവിഴമലി പൂക്കൾ വീണു കിടക്കുന്നത് കാണാം. കാണുമ്പോൾ എടുക്കാൻ ടോണും പക്ഷെ കുനിയാൻ പേടിയാണ് . കുനിയുമ്പോൾ കണ്ടത്തിലേക്കു വീണാലോ . വരമ്പ് ഇടിഞ്ഞും വീഴാം . അതുകൊണ്ടു ആ സാഹസത്തിനു മുതിരാറില്ല

ശിവ ക്ഷേത്രത്തിനു ചുറ്റമ്പലം ഉണ്ടെങ്കിലും അവിടെ എന്തുകൊണ്ടോ പ്രദക്ഷിണം വെക്കാറില്ല . അമ്പലത്തിനു അകത്തു എല്ലായിടത്തും കല്ല് പതിപ്പിച്ചിരിക്കുകയാണ് . നേരെ കയറി ചെല്ലുന്നത് ശിവ പ്രതിഷ്ഠയുടെ മുന്നിലേക്കു ആണ്

ശിവ പ്രതിഷ്ഠയുടെ അടുത്ത് അയ്യപ്പൻ പിന്നെ ഗണപതി, ഇങ്ങനെ വലം  വെച്ച് വരും . ഗണപതിയുടെ അടുത്ത്  പ്രാർത്ഥിക്കുമ്പോൾ നട തുറന്നു മണിയടി കേൾകാം . അമ്പലത്തിൽ വന്ന എല്ലാവരും കൂടി ഓടി കൂടും . പിന്നെ ശ്രീകോവിലിനു മുന്നിൽ ഉന്തും തള്ളുമാണ് . നമ്പൂതിരി പുറത്തു വന്നു തീർത്ഥം തളിച്ച് പ്രസാദം തരുന്നതോടു  കൂടി എല്ലാവരും പിരിഞ്ഞു പോവും.

തീർത്ഥം ദേഹത്ത് വീണാൽ അന്നത്തെ ദിവസം ധന്യമായി. അന്ന് പിന്നെ സ്കൂളിൽ നിന്നും അടി ഒന്നും കിട്ടില്ല എന്നൊരു വിശ്വാസം ആണ് , ഇഷ്ടം പോല്ലേ കിട്ടിയിട്ടുടെങ്കിലും .

അങ്ങനെ  നമ്പൂതിരിയുടെ കയ്യിൽ നിന്നും പ്രസാദം വാങ്ങി നേരെ കൃഷ്ണന്റെ പ്രതിഷ്ഠയുടെ അടുത്തേക്ക് ചെല്ലും . അവിടെ ചെന്നാൽ പിന്നെ കുറെ നേരം കണ് അടച്ചു  നില്കും. പിന്നെ പ്രാർത്ഥിക്കും.വേറെ  ഒരു പ്രതിഷ്ഠയുടെ  മുന്നിലും പ്രാർത്ഥിക്കാറില്ല. വെറുതെ കണ്ണടച്ചു നിൽക്കുകയാണ് ചെയര്. അങ്ങനെ  കൃഷ്ണന്റെ അടുത്ത് എല്ലാം പറഞ്ഞു 3 വലം വെക്കും .ആ വലം വെക്കുന്ന സമയത്തു ചെത്തി  പൂക്കൾ കാണും . അതിൽ നിന്നും ആരും കാണാതെ ഒരെണ്ണം പൊട്ടിച്ചെടുക്കുമ്പോൾ ഒരു നിർവൃതി ആയിരുന്നു .

തിരിച്ചു  പോരുന്ന വഴിക്കു തീർത്ഥം കുടിച്ചു , കെട്ടി തൂകി വെച്ചിരിക്കുന്ന ഭസ്മ കോട്ടയിൽ നിന്നും ഭസ്മം തൊട്ടു വീണ്ടും കൃഷ്ണന്റെ അടുത്ത് പോയി"പോവാ ട്ടോ ഇന്ന് സ്കൂളിൽ നിന്നും അടി കിട്ടരുതേ "എന്ന് പ്രാർത്ഥിച്ചു ഓടി പോരും.
 അങ്ങനെ തിരിച്ചു വീട്ടിലേക്കു നടന്നു വരുമ്പോൾ ഷാരത്തെ വീട്ടിലെ മരത്തിൽ നിന്നും ഒരു പാട് ചുവന്ന പൂക്കൾകൊഴിഞ്ഞു കിടപ്പുണ്ടാവും . പച്ചത്തണ്ടും ചുവന്ന ഇതളുകൾ  ആണ് . ആ പച്ചത്തണ്ടു നഖത്തിന് മുകളിൽ ഒട്ടിച്ചു വെക്കാൻ പറ്റുന്നതാണ്. അതും ഒട്ടിച്ചു വെച്ച് വീട്ടിലേ ഓടി കയറും

-ആമി -

Comments