ബാല്യകാല ഓർമ്മകൾ

എൻറെ നാട് . അധികം പുരോഗതികൾ ഒന്നും വരാത്തൊരു നാടാണ് . രാമേട്ടന്റെ തട്ടുകടയും , ബീവാത്തുൻറെ പച്ചക്കറി കടയും , സേതുരാമൻ നായരുടെ പലചരക്കു കടയും എല്ലാം ഉള്ള ഒരു കൊച്ചു നാട് .18 വർഷങ്ങൾക് മുൻപ് ആണ് ഞാൻ അവിടെ താമസം ആക്കിയത് . വീടിനു അടുത്ത് തന്നെ ആണ് അമ്മയുടെ ചേച്ചിയുടെ വീട് . അതായതു ഒരേ പറമ്പിൽ .അതുകൊണ്ടു തന്നെ നാട്ടുകാരെ എല്ലാം പണ്ട് തൊട്ടേ പരിചയം ആണ് . വീട് വെക്കുന്നത് മുൻപ് അവിടെ പോയി നില്കുന്നത് പതിവായിരുന്നു .

അമ്മയുടെ ചേച്ചി ഒരു സ്കൂൾ അധ്യാപികയും  വല്യച്ഛൻ പട്ടാളത്തിൽ ആയിരുന്നു . 2 പെണ്മക്കൾ ആണ് ഉള്ളത് . മൂത്ത ചേച്ചി പാവമാണെങ്കിൽ രണ്ടാമത്തെ ചേച്ചി മൂത്ത ചേച്ചിയെ കവച്ചു വെക്കുന്നവൾ ആണ് .വല്യച്ഛൻ ആണെങ്കിലോ  വീര ശൂര പരാക്രമിയും .മൂക്കിൻറെ തുമ്പത്തു ആണ് ദേഷ്യം .ഇടക്ക് ഞാൻ ആലോചിക്കാറുണ്ട് വല്യമ്മ എങ്ങനെ വല്യച്ചനെ പ്രേമിച്ചു കല്യാണം കഴിച്ചു എന്ന് . ഒരിക്കൽ ഉത്തര ഇന്ത്യയിൽ എവിടെയോ ആയിരുന്ന സമയത്തു വീട്ടിൽ ആവശ്യത്തിനുള്ള ഉപ്പു തീർന്നു പോയി . അത് തീരുന്നതിനു മുന്നേ പറയാൻ വല്യമ്മയും മറന്നു പോയി .ആ ഒരു കാരണം കൊണ്ട് ആ ഒരു മാസം  ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചാൽ മതി എന്ന് വല്യച്ഛൻ കല്പിച്ചു .

മദ്രാസിൽ  താമസിക്കുന്ന സമയത്തു വെള്ളക്ഷാമം രൂക്ഷമാണ്. അങ്ങനെ ഒരിക്കൽ വീണ്ടും വല്യമ്മ വെള്ളം പിടിക്കാൻ മറന്നു പോയി . വെള്ളം പിടിച്ചു വെക്കാത്ത വല്യമ്മക് ഒരാഴച കുളിക്കേണ്ടി വന്നില്ല . ആവശ്യത്തിനുള്ള വെള്ളം ദൂരെ പൈപ്പിൽ നിന്നും കൊണ്ട് വന്നാൽ വല്യച്ഛൻ അതെല്ലാം എടുത്തു കുളിച്ചു തിരിച്ചു കൊടുക്കും .ഇപ്പോൾ വല്യച്ചനെ പരിചയ പെട്ടല്ലോ ? ഇങ്ങനെ ഒകെ ആണേലും വല്യച്ചന് എന്നേ ഭയങ്കര കാര്യം  ആണ് എന്നാണ് എല്ലാവരും പറയുന്നത് .എന്നോട് മാത്രം ദേഷ്യപ്പെടില്ല അതിനൊരു കാരണം ഉണ്ട് .

ഒരിക്കൽ ഞാൻ വല്യച്ചന്റെ കുടുംബവുമായി എറണാകുളത്തേക്കു പോയി .മാസത്തിൽ ഒരു തവണ പട്ടാളക്കാരുടെ ക്യാന്റീനിൽ പോയി  സാധനം വാങ്ങുന്ന പതിവുണ്ടായിരുന്നു . അങ്ങനെ സാധനം ഒകെ വാങ്ങി വന്നപ്പോൾ സമയം ഉച്ച കഴിഞ്ഞു .ഭക്ഷണം കഴിക്കാൻ വേണ്ടി വലിയ ഒരു ഹോട്ടലിൽ കയറാം എന്ന് വല്യമ്മ പറഞ്ഞു . അകത്തു കയറി ഓർഡർ കൊടുത്തപ്പോൾ അവർ പറഞ്ഞു അരമണിക്കൂർ എങ്കിലും സമയം എടുക്കും ഭക്ഷണം കിട്ടാൻ.ഇത് കേട്ട പാതി കേൾക്കാത്ത പാതി  വല്യച്ഛൻ പറഞ്ഞു നിങ്ങൾ ഇവിടെ നിന്നും കഴിച്ചോളു ഞാൻ പുറത്തു പോയി കഴിച്ചോളാം . അങ്ങനെ വല്യച്ഛൻ പോയി അരമണിക്കൂർ കഴിഞ്ഞും, ഒരു മണിക്കൂർ കഴിഞ്ഞും ആണ് ഭക്ഷണം കിട്ടിയത് .അങ്ങനെ ആസ്വദിച്ച് ഒകെ കഴിച്ചപ്പോൾ  രണ്ടര മണിക്കൂറായി. പോരുന്ന വരവിൽ ഇത്രയും നേരം വിശന്നു മിണ്ടാതെ ഇരുന്നതിനു  വല്യമ്മ ഞങ്ങൾക്കു  ഐസ് ക്രീംമും  വേടിച്ചു തന്നു. അങ്ങനെ ഐസ് ക്രീമായി  പുറത്തേക്കു ഇറങ്ങിയപ്പോൾ വല്യച്ഛൻ അവിടെ ചുവന്നു തുടുത്തു നിൽപ്പുണ്ട് .വീരതരം കാണിച്ചു ഇറങ്ങിയ വല്യച്ചന് എവിടെനിന്നും ചോറ് കിട്ടിയില്ല . എല്ലായിടത്തും പലഹാരങ്ങൾ മാത്രമേ ഉള്ളു .അതുകൊണ്ടു ഭക്ഷണം കഴിക്കാതെ ഞങ്ങളെയും കാത്തു നിൽപ്പാണ് .



ഞാൻ ഐസ് ക്രീമായി ഒന്നും പറയാതെ വേഗം വല്യച്ചന്റെ കൂടെ മുന്നിൽ കയറി ഇരുന്നു . പുറകിൽ, വല്യമ്മ നടുവിലും ചേച്ചിമാർ സൈഡ് സീറ്റിലുമായി ഇരുന്നു . വല്യച്ഛന്റെ ദേഷ്യം ഒന്നു തണുക്കട്ടെ എന്ന് കരുതി മൂത്ത ചേച്ചി പറഞ്ഞു " അച്ഛാ, അച്ഛന് ഇതാ ഐസ് ക്രീം ". ഇത് കേട്ട ഉടൻ വല്യച്ഛൻ അലറി വിളിച്ചു " എടുത്തു വലിച്ചെറിയുനുണ്ടോ അതോ നിങ്ങളെ എടുത്ത് എറിയണോ ?". വല്യച്ഛന്റെ സ്വഭാവം നന്നയി അറിയാവുന്ന ചേച്ചിമാർ വളരെ പെട്ടാണ് തന്നെ ഐസ്ക്രീം പുറത്തേക്കു പറപ്പിച്ചു . എൻറെ കണ്ണ് എന്റെ ഐസ് ക്രീമിൽ ആണെങ്കിലും പുറകിലൂടെ പറക്കുന്ന ചേച്ചിമാരുടെ ഐസ് ക്രീം ഞാൻ കണ്ടിരുന്നു . ചേച്ചിമാർ എന്നെയും നോക്കി ഇരുപ്പാണ് .ഇപ്പോൾ തന്നെ ഞാനും ഐസ് ക്രീം കളയും  എന്ന പ്രതീക്ഷയിൽ .പക്ഷെ ഞാൻ വളരെ പതുകെ സ്പൂണിൽ കുറച്ചെടുത്തു ആരെയും നോക്കാതെ കഴിക്കുകയാണ് .എന്തായാലും എന്റെ ഐസ് ക്രീം പുറത്തേക്കു വലിച്ചെറിയില്ല എന്നുറപ്പു .പക്ഷെ കുറച്ചു കഴിഞ്ഞാൽ ഇവർ എന്റെ ഐസ് ക്രീം ചോദിച്ചാലോ എന്ന പേടിയിൽ കഴിക്കുന്നതിന്റെ വേഗത കൂട്ടി .മൂത്ത ചേച്ചി ചോദിച്ചില്ലെങ്കിലും രണ്ടാമത്തെ ചേച്ചി വില്ലത്തി ആണ് ചോദിച്ചു കളയും .അങ്ങനെ നിശബ്ദമായി എല്ലാവരും കാറിൽ ഇരിക്കുകയാണ് . എന്റെ ഐസ് ക്രീം ആണെങ്കിൽ തീരാറായി രണ്ടു മൂന്ന് സ്പൂൺ മാത്രം ബാക്കി ഉള്ളു.അപ്പോൾ എല്ലാവേരയും ഞെട്ടിച്ചു കൊണ്ട് ഞാൻ ആ ചോദ്യം ചോദിച്ചു " വല്യച്ചാ ഐസ്-ക്രീം വേണോ ?" എല്ലാവരും അന്തവിട്ടു ഇരിക്കുകയാണ് . വല്യച്ഛൻ ചിരിച്ചു കൊണ്ട് ഒരു സ്പൂൺ ഐസ്-ക്രീം കഴിച്ചിട്ടു പറഞ്ഞു "ബാക്കി വല്യച്ഛൻറെ കുട്ടി കഴിച്ചോളു. "

-ആമി-


Comments