പേടി

സ്കൂൾ പഠന കാലത്തു രാത്രികളിൽ ഒറ്റക് കിടക്കാൻ എനിക്ക് പേടിയാണ് (ഇന്നും പേടിയാണ്). അതുകൊണ്ടു തന്നെ ഞാൻ അച്ഛന്റെയും അമ്മയുടെയും കൂടെ ആണ് കിടക്കാറ്.കോളേജ് പഠനകാലം വരെ അത് അങ്ങനെ ആയിരുന്നു . പലപ്പോഴും ഒറ്റക് കിടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു .  വീട്ടിൽ കുടുംബക്കാർ ആരു  വന്നാലും കളിയാക്കാനും ചീത്ത പറയാനും ഒകെ തുടങ്ങി. ഇത്രയും വലുതായിട്ടും അച്ഛന്റെയോ അമ്മയുടെയും കൂടെ കിടക്കുന്നതിനു.

രണ്ടു നില വീടാണ് ഞങ്ങളുടേത് . അച്ഛനും അമ്മക്കും കൂടി താഴെ ഒരു  മുറിയും . എനിക്കും അനിയത്തിക്കും കൂടി മുകളിൽ 2  മുറികളും ഉണ്ട് .

പലപ്പോഴായി ഒറ്റക് രാത്രി കിടക്കണം എന്ന് തോന്നിയിട്ടുണ്ടെങ്കിലും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല  . പണ്ട് കുറച്ചു കാലം വാടകക്ക് താമസിച്ചിട്ടുണ്ട് ഞാനകൾ പഠിച്ചിരുന്ന സ്കൂളിനടുത്തു  . അങ്ങനെ ഒരു ദിവസം രാത്രി ഒരു 11 -11 :30 ആയപ്പോൾ പുറത്തു നിന്നും ചിലങ്കയുടെ ശബ്ദം കേട്ടു . അത് ഞാൻ മാത്രമല്ല അന്ന് വീട്ടിൽ ഉണ്ടായിരുന്നു എല്ലാവരും കേട്ടിട്ടുണ്ട് . 2 ദിവസം നിൽക്കാൻ വന്ന അച്ഛന്റെ അനിയത്തി വരെ കേട്ട് പേടിച്ചു . എന്തായാലും രാത്രി ഒറ്റക് കിടക്കാൻ തീരുമാനിക്കുമ്പോൾ എല്ലാം ആ ശബ്ദം കാതുകളിൽ മുഴങ്ങും . അത് മാത്രമല്ല മരിച്ചു പോയ എല്ലാ പൂർവികന്മാരേയും, പണ്ട് അമ്മമ്മ പറഞ്ഞു തന്ന ഒടിയന്റെയും , പാമ്പിനെയും , പ്രേതങ്ങളുടെയും എല്ലാം കഥകൾ മനസിലേക്കു വരും  . പണ്ട് തൊട്ടേ ഈ കഥകൾ എല്ലാം കേട്ടാണ് ഞാൻ വളർന്നത് .


അതിൽ ഒരു കഥ ഇന്നും ഓർമയുണ്ട് പണ്ട് അമ്മമ്മക് അറിയുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു . കാണാൻ അതീവസുന്ദരി  .പെട്ടന്നൊരു ദിവസം  ആ ചേച്ചിക്  സ്വഭാത്തിലും പെരുമാറ്റത്തിലും എല്ലാം മാറ്റങ്ങൾ കണ്ടു തുടങ്ങി .ഭയങ്കര വൃത്തിയും, മത്സ്യമാംസാദികൾ എല്ലാം കഴിക്കാതാവുകയും ചെയ്തു . പിന്നീടുള്ള ദിവസങ്ങളിൽ ചേച്ചിയിൽ കുറെ ശാരീരിക മാറ്റങ്ങളും കണ്ടു തുടങ്ങി .എപ്പോഴും പുളി ഉള്ള ആഹാരങ്ങൾ കഴിക്കുക , എപ്പോഴും കിടന്നുറങ്ങുക .  വീട്ടുകാർ വൈദ്യരുടെ അടുത്ത് കൊണ്ട് പോയെങ്കിലും പ്രയോജനം ഒന്നും ഉണ്ടായില്ല . ഹൈന്ദവ വിശ്വാസത്തിൽ വളർന്നതിനാൽ അവർ ജോതിഷനെ പോയി കണ്ടു . അപ്പോഴാണ് അയാൾ പറയുന്നത് ചേച്ചി  എന്നും സ്കൂളിൽ പോകുന്ന വഴിക്  ഒരു വീട് ഉണ്ട് .ആ വീട്ടിൽ ഇപ്പോൾ ആരും തന്നെ താമസമില്ല. ദുർമരണം നടന്ന വീടാണ് . ആ വീട്ടിൽ ഒരു സ്ത്രീ ഗർഭിണി ആയി ഇരിക്കെ തീ കൊളുത്തി മരിച്ചു . അവരുടെ ആത്മാവ് ചേച്ചിയിലേക്കു കുടിയേറിരിക്കുകയാണ്  .  അതുകൊണ്ടു തന്നെ ഗർഭിണികളുടെ എല്ലാ ചെയ്തികളും ചേച്ചി കാണിക്കും. അങ്ങനെ പൂജയും മന്ത്രവും എല്ലാം ആയി ആ ബാധയെ ഒഴുപ്പിച്ചു.

ഇങ്ങനെ കുടുംബത്തിൽ തന്നെ ഉള്ള കഥകൾ പറയുമ്പോൾ ആരാണേലും പേടിച്ചു പോവും . എന്തായാലും ഒന്നും പറയണ്ട എല്ലാവരുടെയും  നിര്ബന്ധ പ്രകാരം ഞാനും അനിയത്തിയും ഒറ്റക് കിടക്കാൻ ഒരു ദിവസം തീരുമാനിച്ചു. അനിയത്തി എവിടെ ആണേലും  ഉറങ്ങിക്കോളും അവൾക്കു യാതൊരു പേടിയുമില്ല .  രാത്രി ആയി . മുകളിലെ  മുറിയിൽ കയറി വാതിൽ അടച്ചു. അനിയത്തിയോട് പറഞ്ഞു  "നീ പെട്ടന്നൊന്നും ഉറങ്ങല്ലേ ഞാൻ ഉറങ്ങിയിട്ട് ഉറങ്ങിയാ മതി" അവൾ  സമ്മതിച്ചു.അങ്ങനെ വെളിച്ചം എല്ലാം കെടുത്തി ഞങ്ങൾ  കിടന്നു. കിടന്നു ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ  കൂർക്കം വലി കേട്ടു  അപ്പോൾ മാനസിലായി അനിയത്തി ഉറങ്ങി എന്ന് .ഇനി എന്ത് ചെയ്യും . വെറുതെ ജനലിന്റെ അടുത്തേക് നോക്കിയപ്പോൾ കുരിശാകൃതിയിൽ ഉള്ള ഒരു വെളിച്ചം . പുറത്തു നിന്നും വരുന്ന വെളിച്ചം ആണ് എന്നറിയാമെങ്കിലും മനസിൽ പല ചിന്തകൾ വന്നു തുടങ്ങി . പെട്ടന്നൊരു ചിരി കൂട്ടത്തിൽ ഒരു വാചകവും "ഞാൻ നിന്നെ കൂട്ടില്ല". ആ ശബ്ദം നല്ല പരിചയമുള്ള  ശബ്ദം ആണ്  ആലോചിക്കേണ്ടി വന്നില്ല അനിയത്തി കിടന്നു ഉറക്കത്തിൽ സംസാരിക്കുന്നതാണ് . അതോടെ ആ കാര്യത്തിൽ  തീരുമാനം ആയി ഇവളുടെ കൂടെ ഞാൻ ഉറങ്ങിയത് തന്നെ . പേടി ഒന്നുകൂടെ കൂടി ഇനി ഇവൾ എങ്ങാനും പ്രേതമാണോ . അത്രയും നേരം അവളോട് ചേർന്ന് കിടന്നിരുന്ന ഞാൻ അകലം പാലിച്ചു . ഇടയിൽ ഒരു തലയിണയും വച്ച് . അങ്ങനെ കഷ്ടപ്പെട്ട് ഉറങ്ങാൻ ശ്രമിക്കുബോൾ അതാ ചിലങ്കയുടെ ശബ്ദം. മുറിയിൽ നിന്നാണ് കേൾക്കുന്നത്  അത്ര അടുത്ത് നിന്നും . ഇനിയും ഇവിടെ കിടക്കാനുള്ള ധൈര്യമില്ല .വേഗം മുറിയിലെ ലൈറ്റ് ഇട്ടു ആദ്യം നോക്കിയത് സമയം ആണ്  12 മണി . വീണ്ടും കേട്ടു ചിലങ്കയുടെ ശബ്ദം. എങ്ങോട്ടും നോക്കാനുള്ള ധൈര്യമില്ല. എത്രയും പെട്ടന്ന് അനിയത്തിയെ വിളിച്ചുണർത്തി താഴെ കൊണ്ട് പോവണം . വിളിക്കാൻ വേണ്ടി തിരിഞ്ഞപ്പോഴാണ് അവളുടെ കാലുകൾ എന്റെ ശ്രദ്ധയിൽ പെട്ടത് . ഇത്രയും ദിവസം പാദസരം  ഇടാത്ത അവൾ ഈ രാത്രി പാദസരം ഇട്ടിട്ടാണ് കിടന്നിരുന്നത് . അതും നിറയെ മുത്തുകൾ ഉള്ള പാദസരം  അതിൻറെ ശബ്ദമാണ് കേൾക്കുന്നത് . ആ കിടക്കുന്ന കിടപ്പിൽ അവളെ എടുത്തു ദൂരേക്കു വലിച്ചെറിയാൻ എന്നിക്കു തോന്നി . ഒരുപക്ഷെ ഞാൻ ഒറ്റക് കിടന്നിരുനെങ്കിൽ ഇത്രയും പേടിക്കുമായിരുന്നില്ല . എന്തായാലും ഇനി പേടിക്കാൻ വയ്യ . റൂമിലെ ലൈറ്റ് ഓൺ ചെയ്തു വെച്ച്  രാവില്ലേ 5  മണി വരെ സിനിമാവാരികകളും, നോവലുകളും വായിച്ചു ഇരുന്നു . രാവില്ലേ 'അമ്മ എഴുന്നേറ്റപ്പോൾ അന്നത്തെ സ്കൂൾ പോക്ക് മുടക്കി ഞാൻ നന്നയി ഉറങ്ങി . അതോടു കൂടെ വീട്ടുകാർ ഒറ്റക്കുള്ള കിടപ്പു അവസാനിപ്പിച്ചു തന്നു .

-ആമി-

Comments