എൻറെ ആദ്യ സമ്പാദ്യം

കോളേജ് ഒക്കെ കഴിഞ്ഞു ചുമ്മാ വീട്ടിൽ ഇരിക്കുന്ന കാലം . വീട്ടുകാരുടെയും നാട്ടുകാരുടെയും ഭാവിയെ കുറിച്ചുള്ള ഉൽകണ്ഠ കാരണം ഇരിക്കപ്പൊറുതി ഇല്ല . എങ്ങോട്ടു ഇറങ്ങിയാലും എന്താ ജോലി ആയില്ലേ ? എന്നാൽ പിന്നെ കല്യാണം നോക്കുന്നില്ല? ഈ വക ചോദ്യങ്ങൾ . എല്ലാം കേട്ട് സഹികെട്ടു ഇരിക്കുകയാണ് കോഴ്സ് കഴിഞ്ഞു അധികം ഒന്നുമായില്ല ഒരു 5 മാസം . അപ്പോഴേക്കും നാട്ടുകാരും കുടുംബക്കാരും കൂടി എന്നേ ശ്വാസം മുട്ടിച്ചു തുടങ്ങി . ഞാൻ ആണെങ്കിൽ ചാറ്റിങ് ,ചീറ്റിംഗ് ,വായ്നോട്ടം, എംബ്രോയിഡറി ,അച്ഛന്റെ ബിസിനെസ്സിൽ ചെറിയ ഓൺലൈൻ സഹായങ്ങൾ ഇതെല്ലം ആയി സന്തോഷവതി ആയി മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ് . എനിക്കു  ഇരുന്നു ബോർ അടിയോ അല്ലേൽ ജോലി ഉടനെ കിട്ടണം എന്ന ആഗ്രഹം ഒന്നുമുണ്ടായിരുന്നില്ല . എന്തായാലും എല്ലാവരുടെയും ചോദ്യങ്ങൾ കൊണ്ട് സഹികെട്ടു ഞാൻ N I .I .T യിൽ ഡോട്ട് .നെറ്റ് കോഴ്‌സ് ചേരാൻ തീരുമാനിച്ചു . കോഴ്‌സ് ഫീസ് പതിനഞ്ചായിരം രൂപയാണ് . ഇത്രയും രൂപ ഇനിയും അച്ഛന്റെ കയ്യിൽ നിന്നും വെടിക്കാൻ മടി ആണ് .അച്ഛൻ ഒന്നും പറയില്ല . പക്ഷെ കോളേജ് പഠനം  കഴിഞ്ഞു വീണ്ടും അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിക്കുന്നത് എന്തോ ഒരു മോശമായി അന്ന് തോന്നി . അതുകൊണ്ടു തന്നെ ചെറിയ ഓൺലൈൻ തരികിട പരിപാടികൾ എല്ലാം ചെയ്തു തുടങ്ങി . രാവില്ലയും രാത്രിയും ഇരുന്നു ഡാറ്റാ എൻട്രി വർക്കുകൾ എല്ലാം ചെയ്തു . അങ്ങനെ ആദ്യ ഇൻസ്റ്റാൾമെൻറ് ആയ 5000 രൂപ ഞാൻ ഉണ്ടാക്കി എടുത്തു . മൂന്നുമാസത്തെ കോഴ്സ് ആണ് . 5000 രൂപ വെച്ച് മൂന്നുമാസം അടച്ചാൽ മതി . അങ്ങനെ ആദ്യ മാസ ഗഡു ഞാൻ ഉണ്ടാക്കി .

അങ്ങനെ രാവില്ലേ ഞാൻ സുന്ദരി  ആയി അണിഞ്ഞൊരുങ്ങി ഇറങ്ങി . കോഴ്‌സിനെ പറ്റി അന്വേഷിക്കാൻ പോയപ്പോൾ കണ്ടതാണ് സുന്ദരനായ ഒരു സർ ആണ് എനിക്കു ക്ലാസ് എടുക്കാൻ പോവുന്നത് എന്ന് . അതുകൊണ്ടു തന്നെ സൗന്ദര്യ വസ്തുക്കൾ നന്നയി തന്നെ ഉപയോഗിച്ചു .. അങ്ങനെ ഞാൻ 3 വർഷമായി ഉപയോഗിക്കുന്ന എൻറെ ഭാഗ്യ പഴ്സിൽ ഞാൻ 5000 രൂപയും , പിന്നെ ഒരു 1000 രൂപയും എൻറെ 2 കളർ ഫോട്ടോയും വെച്ച് ഇറങ്ങി . ബസിൽ തിരക്കാവും എന്നറിയാവുന്ന ഞാൻ ബസിനു കൊടുക്കാനുള്ള ക്യാഷ് കൈയിൽ പിടിച്ചു . നല്ല തിരക്കുള്ള ബസായിരുന്നു കണ്ടക്ടർ പൈസാ കൊടുത്തപ്പോൾ ബാക്കി തന്നു . അങ്ങനെ സീറ്റ് കിട്ടി ഇരുന്നു ബാഗ് തുറന്നപ്പോൾ പേഴ്സ് ഇല്ല . എൻറെ ചങ്ക് കത്തി തുടങ്ങി . വീട്ടിൽ മറന്നു വെച്ചോ അറിയില്ല . എന്തായാലും സ്റ്റോപ്പിൽ ഇറങ്ങി അടുത്ത് തന്നെ എൻറെ അമ്മാമയുടെ കടയുണ്ട് അവിടെ ചെന്ന് അമ്മയെ വിളിച്ചു വീട്ടിൽ തിരയാൻ പറഞ്ഞു . അവിടെ എല്ലാം നോക്കി അമ്മ പറഞ്ഞു പേഴ്സ് അവിടെ എങ്ങുമില്ല എന്ന് . എനിക്കു സങ്കടം സഹിക്കാൻ പറ്റുന്നില്ല . എത്ര കഷ്ടപ്പെട്ടാണ് ആ പൈസാ ഞാൻ ഉണ്ടാക്കിയത് എന്ന്  എന്നിക്കു നന്നായി അറിയാം. എന്നിട്ടും ആ പൈസാ പോയപ്പോൾ, സഹിക്കാൻ പറ്റുന്നതിലും കൂടുതൽ ആയിരുന്നു. എന്തായാലും ഹൃദയം പൊട്ടി ഞാൻ NIIT ചെന്ന് പറഞ്ഞു ഇന്ന് ചേരാൻ പറ്റില്ല കൈയിൽ കാശില്ല എന്ന് . അവിടെ ഉണ്ടായിരുന്ന അവർ എന്തൊക്കെയോ ബഹളം വെച്ചു . കൂട്ടത്തിൽ ആ സാറും വന്നു മിണ്ടാതെ നിന്നു .ഇന്ന് രാവിലകൂടി ഞാൻ വിളിച്ചു ചോദിച്ചതല്ലേ ഇന്ന് ചേരുന്നുണ്ടോ  എന്ന് . നിങ്ങൾക്കു  വേണ്ടി മാത്രമാണ് ഞാൻ  രാവില്ലേ ഒരു ബാച്ച് വെച്ചത് എന്തൊക്കെയോ . ഇതെല്ലം കൂടി കേട്ടപ്പോൾ എൻറെ കണ്ണുകളിൽ നിന്നും കണ്ണീരശ്രുകൾ വീണു തുടങ്ങി . സാവധാനം ആ സാർ വന്നു ചോദിച്ചു എന്ത് സംഭവിച്ചു . നടന്നതെല്ലാം ഞാൻ പറഞ്ഞപ്പോൾ സാർ നേരെ ക്ലാസ്സിലേക്ക് കൊണ്ടുപോയി ക്ലാസ് എടുത്തു തന്നു . എന്നിട്ടു പറഞ്ഞു ഒരു ആഴ്ചക്കുള്ളിൽ അടച്ചാൽ മതി എന്ന് .തിരിച്ചു വീട്ടിലേക്കു വരാനുള്ള ബസ് കൂലി അമ്മാമയുടെ അടുത്ത് നിന്നും വാങ്ങി വീട്ടിൽ എത്തി . വന്നു കയറിയപ്പോൾ തന്നെ അമ്മ പതിവ്‌പോല്ലേ ചീത്തയുടെ വര്ഷാരവം ആരംഭിച്ചു . എല്ലാം കേട്ടിരുന്നെങ്കിലും കരച്ചിൽ ഒന്നും പുറത്തു  കാണിച്ചില്ല . രാത്രി അച്ഛൻ വന്നതും അച്ഛനെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ ആയിരുന്നു . കരഞ്ഞു ക്ഷീണിച്ചു അച്ഛൻറെ മടിയിൽ തന്നെ കിടന്നുറങ്ങി .

അടുത്ത ദിവസം ഒരു പുതിയ പഴ്സും 6000 രൂപയും അച്ഛൻ കയ്യിൽ തന്നു എന്നിട്ടു പറഞ്ഞു . "നീ കഷ്ടപ്പെട്ടു ഉണ്ടാക്കിയ പൈസ പോയ വിഷമം നിനക്ക് ഉണ്ടാവും . അത് നിനക്കൊരു പാഠമാണ് . " ശെരിയാണ് പിന്നീട്  പല അവസരങ്ങളിലും ഞാൻ നഷ്ടപ്പെട്ട് പോയ ആ 5000 രൂപ ഓർത്തിട്ടുണ്ട് .പിന്നീട് ഒരിക്കലും ഞാൻ അറിയാതെ പൈസാ എൻറെ കയ്യിൽ നിന്നും പോയിട്ടില്ല . അതുപോല്ലേ പൈസ ചില  സമയത്തു കടലാസ് കഷ്ണങ്ങളും ചില സമയത്തു ജീവന്റെ വിലയുമാണ് എന്ന് തോന്നിയിട്ടുണ്ട് .

--ആമി--

Comments