അവധികാലം കഴിഞ്ഞ്

ഇന്ന് സ്കൂളുകൾ എല്ലാം തുറക്കുകയാണ്. ജൂൺ 1 . മഴ  തിമർത്തു പെയ്യുകയാണ്  . റോഡിൽ മുഴുവൻ ചിരിക്കുന്ന മുഖങ്ങളും പുതിയതായി സ്കൂളിൽ ചേർന്ന കരയുന്ന മുഖങ്ങളും കാണാം 2 മാസത്തെ അവധി എല്ലാം കഴിഞ്ഞു കൂട്ടുകാരെ കാണാൻ പോവുന്ന ചെറിയ ഒരു സന്തോഷം എങ്കിലും എല്ലാവരുടെയും മനസ്സിൽ കാണും.പുതുതായി വാങ്ങിച്ചതെല്ലാം കാണിക്കാൻ വേണ്ടി വ്യഗ്രത കൊള്ളുന്ന മനസും.
സ്കൂൾ തുറക്കുന്നതിനു മുന്നേ ഉള്ള ഒരാഴ്ച പുസ്തകം പൊതിയലും , പുതിയ യൂണിഫോമും, സോക്സ്‌, ഷൂസ് ബെൽറ്റ് ഇതെല്ലം എടുത്തു വെക്കലും . പുതിയ ബാഗിന് വേണ്ടിയുള്ള പരക്കം പായിച്ചിലാണ് .എല്ലാ കൊല്ലവും 'അമ്മ പറയും പുതിയ ബാഗ് വാങ്ങി തരില്ല എന്ന്. എങ്കിലും അവസാന നിമിഷം പുതിയ ബാഗ് വന്നിരിക്കും.
അനിയത്തി സ്കൂളിൽ ചേരുന്ന വരെ ബാലരമയിലെയും ബാലമംഗളത്തിലെയും നെയിംസ്ലിപ്പും ,പുറത്തു നിന്നും വാങ്ങുന്ന നെയിംസ്ലിപ്ല് എല്ലാം എനിക്ക് സ്വന്തം ആയിരുന്നു  അവൾ സ്കൂളിൽ ചേർന്നപ്പോൾ തൊട്ടു അവളുടെ ഇഷ്ടം കഴിഞ്ഞു ബാക്കി ഉള്ളതായി എനിക്ക്.
സ്കൂൾ തുറക്കുന്ന തലേ ദിവസം പൊതിച്ചിൽ ഇടുക  എന്ന വലിയ ചടങ്ങുണ്ട് അമ്മക്ക്. ഒരു 10 നോട്ടുബുക്ക് എടുത്തു ബ്രൗൺപേപ്പറും പ്ലാസ്റ്റിക് പേപ്പറും ഇട്ടു പൊതിഞ്ഞു തരും.നല്ല ഭംഗിയിൽ. ഇതിൽ ഏതെങ്കിലും  ഭംഗി കുറഞ്ഞാൽ മാറ്റി പൊതിയിപ്പിക്കും.എന്നിട്ടു നെയിംസ്ലിപ് ഒട്ടിച്ചു നല്ല ഭംഗി ഉള്ള ഹാൻഡ്‌ഡറിറ്റിങ്ങിൽ പേരും ക്ലാസും എല്ലാം എഴുത്തും.
സ്കൂൾ തുറക്കുന്ന ഒരാഴ്ച മുന്നേ ആണ് സ്കൂളിലേക്കുള്ള എല്ലാം വാങ്ങാൻ ഇറങ്ങുക. ആദ്യം ഒകെ കസിൻസ് കൂട്ടി എല്ലാവരും കൂടി ആണ് പോയിരുന്നതെങ്കിൽ പിന്നീട് ആ ശീലം ഞാൻ മാറ്റി . കാരണം എനിക്ക് ഇഷ്ടപെട്ടത് തന്നെ ബാക്കി ഉള്ള കൗസിൻസിനും ഇഷ്ടപെടും. അവസാനം എനിക്ക് ഇഷ്ടപെട്ടത് അവരുടെ കൈയിൽ ഇരിക്കും അതുകൊണ്ടു തനിയെ അമ്മയെ കൂട്ടിയായി  പോക്ക്.പോപ്പി കളർ കുടയും, ബാഗും, ബോക്സും , ചോറ്റും പാത്രവും , വാട്ടർ ബോട്ടിൽ പെൻ പെൻസിൽ എന്ന് വേണ്ട സകല സാധനങ്ങളും വാങ്ങും  എല്ലാം വാങ്ങിയാലും നെയിംസ്ലിപ്പിൽ മാത്രമാണ് എന്ത് വേണം എന്ന് അറിയാതെ ഞാൻ നിന്നിട്ടുള്ളു. എന്തായാലും എല്ലാം വാങ്ങി വരും.പിന്നീട് ഒരു ഉത്സാഹമാണ് സ്കൂളിൽ പോവാൻ. സ്കൂളിൽ കൊണ്ട് പോയി പുതിയ ബാഗും, ബോക്സും നെയിംസ്ലിപ്പും എല്ലാം കാണിച്ചു കഴിഞ്ഞാൽ ആ ഉത്സാഹം അവിടെ അവസാനിക്കും

മിക്ക കൊല്ലങ്ങളിലും സ്കൂൾ തുറക്കുന്ന ദിവസം ഇടിവെട്ട് മഴ ആയിരിക്കും. അങ്ങനെ ഒരു അവധികാലം കഴിഞ്ഞു ഉള്ള ഒരു സമയം , ജയകൃഷ്ണ ഓട്ടോയിൽ ആയിരുന്നു സ്കൂളിൽ പോയിരുന്നത്.  റോഡ് പണി നടക്കുന്ന കാരണം വീടിന്റെ മുറ്റത്തേക്കു ഓട്ടോ വരില്ല എന്ന് തലേ ദിവസമേ ഡ്രൈവർ അറിയിച്ചിരുന്നു . അതുകൊണ്ടു പാടം കടന്നു പോയി റോഡിൽ നിൽക്കണം.ഈ വരമ്പിലൂടെ നടക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു 5 കിലോ ഉള്ള  ബാഗ് പുറത്തു ,കൈയിൽ വാട്ടർ ബോട്ടിൽ  നല്ല  തൂവെള്ള ഡ്രസ്സ് ചുറ്റും നല്ല ചളി യുള്ള പാടവും . ദൂരത്തു നിന്നും നോക്കുന്ന ഏതൊരാൾക്കും നല്ല മനോഹാരിത ആയിരിക്കും.

അങ്ങനെ ആദ്യത്തെ ഒരു 3 ദിവസം അപകടം കൂടാതെ റോഡിൻറെ മറുവശം എത്തി കിട്ടി. എന്നാൽ അടുത്ത ദിവസം നടക്കുമ്പോൾ വരമ്പോക്കെ പൊട്ടി പൊളിഞ്ഞു കിടക്കുന്നു. തലേ ദിവസത്തെ രാത്രി മഴയിലും ഇടിയിലും പൊളിഞ്ഞതാണ് .ഇവിടെ നിന്നും എടുത്തു ചാടിയാൽ മാത്രമേ അങ്ങോട്ട് ഏതു . അങ്ങനെ ഞാൻ 2 ഉം കല്പിച്ചു എടുത്തു ചാടി നേരെ പാടത്തെ ചളിയിൽ എത്തി . വെള്ള യൂണിഫോം നല്ല ചുവപ്പായി . രാവില്ലേ പൌഡർ ഇട്ടു ഇറങ്ങിയ മുഖം മുഴുവൻ ചുവന്നു തുടുത്തു.ബാഗ് ചളിയിൽ കുതിര്ന്നു. ഇനി ഒന്നും നോക്കാൻ ഇല്ലാത്തതുകൊണ്ട് നേരെ വീട്ടിലേക്കു വെച്ച് പിടിച്ചു. റോഡിലൂടെ നടക്കുമ്പോൾ ആളുകൾ മുഴുവൻ അതിശയത്തോടെ നോക്കി ആരാണ് കുട്ടി എന്നറിയ്യ്തതുകൊണ്ടു പലരും മിണ്ടിയില്ല. എങ്കിലും രൂപം കണ്ടു പലരും ചോദിച്ചു :എന്താ കുട്ട്യേ വീണോ ? ഞാൻ മുഖം പോലും ഉയർത്താതെ ആ എന്ന് മൂളി നടന്നു.

വീട്ടിലേക്കു വന്നു കയറിയപ്പോൾ അമ്മമ്മ ചിരിയോടു ചിരി. "ഞാൻ അപ്പോൾ വിചാരിച്ചിട്ടുണ്ട് ഇവൾ വീഴും എന്ന്. അത് എങ്ങനെയാ ഓട്ടം അല്ലെ ? മുഖത്തു കണ്ണും മൂക്കും ഒന്നുമില്ലെലോ ".ഞാനും അമ്മയും ഒന്നും പറഞ്ഞില്ല. അമ്മ എന്നേ വേഗം കൊണ്ടുപോയി ഡ്രസ്സ് എല്ലാം മാറ്റി ബാഗെല്ലാം കഴുകി ഇട്ടു തന്നു.അടുത്ത ദിവസം തൊട്ടു അമ്മയും കൂടെ വന്നു തുടങ്ങി

--ആമി--

Comments

Post a Comment