ഒരു ചെറിയ ലബ് സ്റ്റോറി

പണ്ട് കാലങ്ങളിൽ ചെറിയ ക്ലാസ്സിൽ പ്രേമം ഒന്നും തളിർത്തു മൊട്ടിടാറില്ല. ആദ്യമായ് ഒരു ചെക്കൻ ഐ ലവ് യു എന്ന് പറയുന്നത് 7  ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് . അത് കൊണ്ട് തന്നെ എല്ലാ കാലഘട്ടത്തിലും അങ്ങനെ ആവും എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഒന്നാക്ലാസ്സിൽ പഠിക്കുന്ന അമ്മു മുഖമെല്ലാം ചുവന്നു തുടുത്തു സോഫയിൽ വന്നു ഇരുപ്പുണ്ട് . മിക്ക ഇടങ്ങളിലും അടിയിൽ ജാക്കി ചാൻ ആയി നിൽക്കുന്ന അവൾ ആരുടെയെങ്കിലും കൂടെ അടി കൂടി കാണും എന്ന് വിചാരിച്ചു കൂടുതൽ ഒന്നും ചോദിക്കാതെ ജ്യൂസ് കുടിക്കാൻ എടുത്തു കൊടുത്തു . അവൾക്കു വേണ്ട എന്ന് പറഞ്ഞു കട്ടിലിൽ  ഒരേ കിടപ്പു.സാധാരണ വന്ന ഉടൻ കാലും കൈയും  കഴുകി ജ്യൂസ് കുടിച്ചു അപ്പുറത്തെ വീട്ടിൽ അച്ചുവും തങ്കുവുമായ കളിക്കാൻ പോവും . ഇന്ന് പക്ഷെ അനങ്ങുന്നില്ല . ഭക്ഷണവുമില്ല കളിയുമില്ല .

 കുറെ നേരമായി ഭക്ഷണം ഒന്നും കഴിക്കാതെ ആയപ്പോൾ ഞാൻ അടുത്ത് ഇരുത്തി ചോദിച്ചു "അമ്മേടെ കുട്ടിക്ക് എന്ത് പറ്റി ? സ്കൂളിലെ ടീച്ചർ ചീത്ത പറഞ്ഞോ?അമ്മയോട് പറ "
ഇപ്പോഴത്തെ കുട്ടികൾ അല്ലെ ഇനി വെല്ല പ്രശ്നവും ഉണ്ടെങ്കിൽ 'അമ്മ കൂടെ ഉണ്ടെന്ന വിശ്വാസം ഊട്ടി ഉറപ്പികാം എന്നു വിചാരിച്ചതാ . പക്ഷെ അമ്മു പറഞ്ഞു "ഒന്നുല്യാ "
"പിന്നെ എന്താ നീ മിണ്ടാതെ ഇരിക്കണേ ? മേല് കഴുകി പോയി കുറച്ചു നേരം കളിച്ചിട്ട് വാ "
"ഞാൻ പോവുന്നില്ല കളിക്കാൻ "
" എന്താ കൂട്ടുകാരികൾ ആയി പിണങ്ങിയോ "
"മ്മ .. അശ്വന്ത് രാഖിക് മുട്ടായി കൊടുത്തു  "
" അതിനെന്താ രാഖി നിൻറെ കൂട്ടുകാരി അല്ലെ "
"അതെ പക്ഷെ അശ്വന്ത് എനിക്കാണ് മുട്ടായി തെരാറു . രാഖിക് കൊടുക്കാൻ പാടില്ല  "
" അമ്മു നല്ല കുട്ടി അല്ലെ അപ്പോൾ ഇങ്ങനെ ഒന്നും വിചാരിക്കാൻ പാടില്ല. എല്ലാവരും അമ്മുവിൻറെ  കൂട്ടുകാരല്ലേ."
"രാഖി എന്റെ ഫ്രണ്ട് . അശ്വന്ത് എന്നോട് ലബ് ആണ് . അപ്പോ വേറെ ആരോടും അശ്വന്ത് സംസാരിക്കാൻ പാടൂല "
"ങേ ... ഇപ്പോൾ തന്നെ ലവ് ഒകെ ആയോ ?"
"അമ്മെ ഒരു ദിവസം അശ്വന്ത് വന്നിട്ടു പറഞ്ഞു എനിക്ക് നിന്നോട് ലബ് ആണ് എന്ന് "
"അപ്പോ നീ എന്ത് പറഞ്ഞു"
"അശ്വന്ത് ക്ലാസ് ലീഡർ അല്ലെ അവനു എന്നോട് സംസാരികാം  പക്ഷെ ഞാൻ സംസാരിച്ച എന്റെ പേര് അവൻ എഴുത്തും ബോർഡിൽ . അപ്പോ കൈയിൽ ഞാൻ ഐ ലവ് യു എന്നെഴുതി വെച്ച്. എന്നിട്ടു അവൻ എന്നെ നോക്കിയപ്പോൾ കൈ ഞാൻ പൊക്കി കാണിച്ചു . പിന്നെ എല്ലാ ദിവസവും അവൻ എനിക്ക് ചോക്ലേറ്റ് കൊണ്ട് വന്നു തരും ."

ശെരിയാണ് അവൾ എന്നും മിട്ടായി കൊണ്ടുവരാറുണ്ട്. ചോദിച്ചപ്പോൾ അശ്വന്ത് ആണ് തരുന്നത് എന്നും പറഞ്ഞു. അതിന്റെ പാതി എനിക്ക് അവൾ തെരാറുണ്ട്  .എനിക്കു പിറക്കാതെ പോയ മരുമകൻ തരുന്ന ചോക്ലേറ്റ് ആണ് ഞാൻ ഈ തിന്നു തീർക്കുന്നത് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല!


--ആമി--

Comments