ഓർമയിൽ ഒരു ദിവസം

ഇന്ന് തിരിച്ചു ഓടി ചെന്ന് കേറാൻ എൻറെ തറവാട് അവശേഷിക്കുന്നില്ല. പുതുമയുടെ പുറമോടികളുടെ  ഭാഗമായി തറവാട് പൊളിച്ചു അവിടെ ഒരു രണ്ടു നില വീട് ഉയർന്നു പൊന്തുന്നു. എന്റെ വീട് പോല്ലേ ഞാൻ സ്നേഹിച്ച മറ്റൊരു വീടായിരുന്നു  അമ്മയുടെ തറവാട്. ആ വീട്ടിൽ കുട്ടികളിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞതും  ഞാൻ ആയിരിക്കും  . മറ്റുള്ളവർക് എന്തെലാം ഓര്മ്മ്കൾ ആണ് ആ വീട് കൊടുത്ത് എന്നെനിക്കറിയില്ല . എന്നാൽ എന്റെ മനസു നിറയെ എന്റെ തറവാടാണ്. അതിനു ചുറ്റുമുള്ള പറമ്പും.അമ്പലവും കുളവും പാടവും അവിടത്തെ നാട്ടുകാരും എല്ലാം .

എന്റെ ബാല്യകാല ഓർമ്മകൾ എല്ലാം അവിടെ ആണ്.രാവില്ലകളിൽ ചെമ്പക മര ചുവട്ടിൽ പോയി ചെമ്പകങ്ങൾ പൂത്തിട്ടുണ്ടോ എന്ന് നോക്കുന്നതായിരുന്നു എന്റെ ദിന ആരംഭം. വെളുത്തതും ഓറഞ്ച് നിറവുമുള്ള  ചെമ്പക മരങ്ങൾ   ഉണ്ടായിരുന്നു. എന്നും പൂകാത്തത് കൊണ്ടാവാം ചെമ്പക പൂക്കളെ  ഞാൻ ഒരുപാടു ഇഷ്ടപെട്ടിരുന്നത് . ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ സ്കൂളിലെ കൂട്ടുകാരികൾക്കു വേണ്ടി ഞാൻ കൊണ്ട് പോകുമായിരുന്നു.ചെമ്പക മരം വേലിയുടെ അടുത്തായിരുന്നു. വേലിയിൽ അടുത്ത വീട്ടിലെ  മുള മരങ്ങൾ ഒരുപാടു ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ചെമ്പക  മരത്തിനു   താഴെ എല്ലാം മുള മരത്തിലെ സ്വർണ ഇലകൾ പരന്നു കിടക്കുന്നുണ്ടാവും . ചെമ്പകം പൂത്തോ  എന്നറിയാൻ  ഉമ്മറവാതിൽ തുറന്നാൽ മതി . അതിന്റെ സുഗന്ധം വീടെങ്ങും  പരന്നിരിക്കും .

വീട്ടിൽ ഒരുപാടു പൂക്കൾ  ഉണ്ടായിരുന്നു. റോസാപൂ ,സീനിയപൂ, ചെമ്പക പൂ, മുല്ലപൂ, മുല്ല പൂവിൽ തന്നെ വിവിധ യിനങ്ങൾ , കനകാംബര പൂക്കൾ. രാവില്ലേ തന്നെ ഇതെല്ലം പോയി നോക്കി ഇതിൽ മുല്ലപ്പൂക്കളും കനകാംബര പൂക്കളും കൊണ്ട് വന്നു അമ്മയെ കൊണ്ട് മാല കെട്ടി ഉണ്ടാക്കി ഇതും ചൂടി കൊണ്ട് സ്കൂൾ പോവുന്നത് ഒരു ഹരമായിരുന്നു .തട്ടാന്റെ അടുത്തുള്ള കരിങ്കൽ മതിലിൽ നീല നിറമുള്ള ശംഖുപുഷ്പങ്ങൾ    പടർന്നു  കിടന്നിരുന്നു . പറമ്പിൽ മത്തന്റെ മഞ്ഞ പൂക്കളും മുരിങ്ങ മരത്തിലെ വെള്ള പൂക്കളും കുമ്പളങ്ങയുടെ പൂക്കളും എല്ലാമുണ്ട്  . ഇത്രയും പൂക്കൾ ഉള്ളത് കൊണ്ടാവാം ഒരുപക്ഷെ വീടിനു ചുറ്റും  എപ്പോഴും പൂമ്പാറ്റകളും തുമ്പികളും പാറി നടന്നിരുന്നത്. അതിൽ തുമ്പികളുടെ വാല് പിടിക്കാൻ വേണ്ടി ഞാനും അനിയത്തിയും കുറെ പുറകെ ഓടിയിട്ടുണ്ട്.ഒരിക്കലും പിടി തരാതെ  തുമ്പികൾ പറന്നു പോയിട്ടുമുണ്ട്

നെടുമ്പുരയിലെ മണലിൽ നിന്നും കുഴിയാനകളെ കണ്ടു പിടിക്കാൻ ആണ് പിനീടുള്ള പരിശ്രമം . ഓരോ കുഴിയാനയെ കിട്ടുമ്പോഴും ഏതോ മത്സരത്തിൽ വിജയശ്രീലാളിത്ത  ആയ പോല്ലേ  ആയിരുന്നു .ഈ കുഴിയാനകളെ എല്ലാം പിടിച്ചു വീണ്ടും ആ മണലിലേക്കു തന്നെ ഇട്ടു കൊടുക്കും .


ഈ പ്രക്രിയകളിടയിൽ ആവും മനസ്  നോവിക്കാനായി ഒറ്റ മൈന വന്നു പടിപ്പുരയിൽ ഇരിക്കുക. ഇത് കാണുമ്പോൾ ചങ്കു  കത്തും  ഇനി ഒറ്റ മൈന പറന്നു പോയാൽ  ആ ദിവസം  പോക്കാ. അന്നും മുഴുവൻ എവിടെ നിന്നെങ്കിലും അടി കിട്ടും എന്നൊരു വിശ്വാസമാവുമായി നടക്കും.പിന്നെ പോകുന്ന ഓരോ വഴികളിലും ഇരട്ട മൈനയെ നോക്കി ഇരുപ്പാണ്.

വീടിനു മുന്നിലുള്ള റോഡിൽ എല്ലാം ഗുൽമോഹർ പൂക്കൾ വീണു കിടക്കുണ്ടാവും. അതിൽ നിന്നും അതിന്റെ തണ്ടുകൾ പൊട്ടിച്ചു കൈയിലെ നഖത്തിന് മുകളിൽ ഒട്ടിച്ചു വെച്ച് നടക്കും. ആരും അത് കണ്ടു പേടിച്ചില്ലെങ്കിലും അത് കൊണ്ട് പേടിപ്പിക്കുക്ക  എന്നത് ഒരു വിനോദം തന്നെ ആയിരുന്നു . അടുക്കളയിൽ ഓടി നടന്നു പണി എടുക്കുന്ന 'അമ്മ ,അമ്മൂമ്മ അതെല്ലെങ്കിൽ അനിയത്തി ഇവരുടെ ഒകെ അടുത്ത് ഓടി പോയി നീണ്ട നഖങ്ങൾ കാണിച്ചു പേടിപ്പിക്കുക .

രാവിലത്തെ വിക്രസുകൾക്കു ഒടുവിൽ 'അമ്മ കുളിക്കാനായി കുളുമുറിയിലേക്കു തള്ളി വിടും . അമ്മയുമായി അടിപിടിക്കുന്ന ദിവസങ്ങളിൽ അമ്മ വെള്ളം കോരി തരില്ല . കിണറിലേക്ക് തോട്ടിയും ബക്കറ്റുമിട്ടു വലി തുടങ്ങും. കുഞ്ഞു കൈകൾ കൊണ്ട് കോരി എടുക്കാൻ കുറെ സമയമെടുക്കും . അതെല്ലാം അവസാനിച്ചു കുളിമുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങാൻ സമയമെടുക്കും . ഇതിനിടയിൽ അമ്മുമ്മക് മാത്രമായി എടുത്തു വെച്ചിരിക്കുന്ന സോപ്പ് വെറുതെ എങ്കിലും മേലെയൊന്നു ഉരസുക ഒരു പതിവായിരുന്നു. അമ്മുമ്മയുടേത് മാത്രം നല്ല മണമുള്ള സോപ്പ് ആണ് .(മൈസൂർ സാന്റൽ ആയിരുന്നു  സോപ്പ്)

രാവില്ലേ അമ്പല ദർശനം പതിവായിരുന്നു. അമ്പലത്തിൽ  പ്രാര്ഥിക്കുന്നതിനേക്കാൾ കൂടുതൽ അതിനു ചുറ്റുമുള്ള കാര്യങ്ങൾ ആയിരുന്നു എനിക്കിഷ്ടം. നടക്കുന്ന വഴിയിലെ തെച്ചി  പഴങ്ങൾ അമ്പലത്തിനകത്തു തൂങ്ങി കിടക്കുന്ന ഭസ്മക്കൊട്ട . അരച്ച് തരുന്ന ചന്ദനത്തിന്റെ ഗന്ധം. ഗണപതിക്ക് മുനില്ലേ കരിചന്ദനം ഭഗവതിക്ക് മുനില്ലേ ചുവപ്പു ചന്ദനം . അമ്പല കുളത്തിലെ ആമ്പലുകൾ . തിരിച്ചു വരുന്ന വഴിയിലെ തുപ്പല് പൊട്ടികൾ . ഇടവഴിയിലെ തൊട്ടാവാടികൾ , കാശി തുമ്പകൾ . കാശി തുമ്പയുടെ മൊട്ടുകൾ .

ഒരു ഉച്ച  സമയം ആവുമ്പോൾ റോഡിലൂടെ ഐസും പഞ്ഞി മുട്ടായിയും പോവും.ഒരിക്കൽ പോലും 'അമ്മ വാങ്ങിച്ചു തരാത്തത്  കൊണ്ട് അതിനു ഭയങ്കര രുചി ആയിരുന്നു. അതിന്റെ മണി  അടി കേൾക്കുമ്പോഴേ വായിൽ വെള്ളം വരും . ഒരിക്കൽ പോലും കഴിക്കാത്ത സാധനത്തിനു ഇത്ര മാത്രം രുചി ഉണ്ട് എന്ന് എന്നിക്കു ആരാണ് പറഞ്ഞു തന്നത് ഇന്നുമറിയില്ല . എന്നാലും എന്തോ ആ കാലത്തേ എന്റെ പ്രിയപ്പെട്ടതായിരുന്നു   സൈക്കിളിൽ കൊണ്ട് വരുന്ന ഐസും പഞ്ഞിമുട്ടായിയും.


 മാസത്തിലെ ഒരു ഞാറാഴ്ച ചെട്ടിച്ചി വരും, നിറയെ കുപ്പി വളകളും ചാന്തും പൊട്ടുമായി. അമ്മമ്മയുടെ കാല് പിടിച്ചു വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം അവരുടെ കൈയിൽ നിന്നും കുപ്പിവളകൾ വാങ്ങി തരും. ഇവരെ ഒന്നും വീട്ടിൽ കേറ്റുന്നത് അമ്മമ്മക് ഇഷ്ടമായിരുന്നില്ല .

വൈകുനേരങ്ങളിൽ ആദ്യം പോവുന്നത് പൂളമരത്തിന്റെ ഇലകൾ പറിച്ചു അതുകൊണ്ടു മാല  കെട്ടാൻ ആയിരുന്നു. എല്ലാവരും അതും പറിച്ചു മാല  കെട്ടാൻ തുടങ്ങും ആരുടെ മാലയാണ് കൂടുതൽ ഭംഗി എന്ന് നോക്കാൻ. ഇലകൾ എല്ലാം പറിച്ചെടുക്കുമ്പോഴേക്കും അമ്മമ്മയുടെ ശകാര വര്ഷം തുടങ്ങും .അത് കൊണ്ട് അത് മതിയാക്കി അടുത്ത കളികൾക്കായി  ഉമ്മറത്തേക്ക് ഓടും .

പിന്നെ കളിച്ചിരുന്ന കളികൾ ആയിരുന്നു കൊത്തങ്കല്, നൂറാങ്കോല്, കൊച്ചി കളി, ചട്ടി പന്ത്  . ഇതിൽ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ചട്ടി പന്ത് . ഇന്നും ആ ഏറു കൊണ്ട് പുറത്തുണ്ടായ പാടുകൾ അവിടെ ഉണ്ട് . കളിക്കിടയിലെ വിശപ്പിൽ വളപ്പിലെ മാങ്ങയും അരി നെല്ലിക്കയും പുളിയും എല്ലാം ഞങ്ങളുടെ  വായകളിലൂടെ പോവും .

ഇടയ്ക്കു പന  വെട്ടാൻ വരുന്ന വേലായുധൻ വീട്ടിൽ വരുമ്പോൾ കുട്ടികളുടെ ഉള്ളിൽ സന്തോഷ തിമാർപ്പാണ്. നൊങ്ക്‌ ഇഷ്ടമല്ലാത്ത ആളുകൾ ഉണ്ടോ ?വെട്ടുന്നതിൽ നിന്നും പനനൊങ്ക് കിട്ടാൻ നോക്കി ഇരിക്കും . ഒരെണം  ആവും കിട്ടുക ഇനിയും കൂടുതൽ കിട്ടുമോ എന്ന പ്രതീക്ഷയുമായി ഞങ്ങൾ  കുട്ടികൾ വായയും  പൊളിച്ചു ഇരിക്കും. ഇടയ്ക്കു കിട്ടുന്ന കരിക്കു, രാവില്ലകളിൽ നിധി കിട്ടുന്ന പോല്ലേ കിട്ടുന്ന പൊങ്ങു ഇതെല്ലം ഇന്ന് വെറുമൊരു ഓർമ്മകൾ മാത്രമാണ്.

മഴയുള്ള ദിവസങ്ങളിൽ തടിയുടെ ജനനിലൂടെ മഴ കണ്ടു കിടക്കും. ശക്തി ആയി വീശുന്ന കാറ്റിൽ  ജനൽ പാളികൾ  ശക്തമായി അടയും.

 രാത്രിയിൽ പുറത്തേക്കു നോകുമ്പോഴേക്കും മിന്നാമിങ്ങുകൾ കൊണ്ട് പൂങ്കാവനം നിറഞ്ഞു കാണും .

ഇതെല്ലം ഇന്ന് വെറും ഓർമ്മകൾ മാത്രം. തിരിച്ചു പോവാൻ തോന്നുന്നു.എന്റെ ബാല്യകാലത്തിലേക്കു. ഇതെല്ലം ആസ്വദിക്കണമെങ്കിൽ ഞാൻ വീണ്ടും  ചെറിയ കുട്ടി ആവണം . അമ്മയുടെ തറവാട്ടിൽ താമസിക്കണം. എല്ലാം പഴയ പോല്ലേ വേണം.വർഷങ്ങൾ പിന്നിടുമ്പോൾ  പ്പൂമ്പാറ്റകളെ ഞാൻ കാണുന്നു, മിന്നാമിനുകളെ കാണുന്നു , പൂക്കളും ചെട്ടിച്ചിയും കരിക്കും നൊങ്കും എല്ലാം എനിക്കു ലഭിക്കുന്നു. എന്നാൽ ഒന്നും പഴയതു പോല്ലേ അല്ല.ഒരുപാടു മാറ്റങ്ങളായി എല്ലാം എനിക്ക്  ചുറ്റും തന്നെ ഉണ്ട്.

--ആമി--

Comments

Post a Comment