നിവേദ്യ ചോറും ഇഞ്ചി തൈരും

പണ്ട് ഞാൻ വയസ് പോലും അറിയിക്കാതെ പ്രായത്തിൽ കേട്ട് തുടങ്ങിയതാ ഈ തിങ്കളാഴ്ച വ്രതം .വീട്ടിൽ അമ്മയും അമ്മായിമാരും എല്ലാവരും സ്ഥിരമായി വ്രതം എടുക്കുന്നത് കാണാം. ഇതിൽ  ഇഷ്ടപെടാത്ത കാര്യം എന്താണ് എന്നുവെച്ചാൽ  ഇവർ ഈ വ്രതം എടുത്തു കഴിഞ്ഞു അടുത്ത ദിവസം അമ്പലത്തിൽ നിന്നും കിട്ടുന്ന നിവേദ്യം വീട്ടിൽ കൊണ്ട് വരുന്നതാണ്. കൊണ്ട് വരുന്നത് പോട്ടെ ! അവർക്കങ്ങു കഴിച്ചാൽ പോരെ ? അതില്ല ഉച്ചക്ക് കുട്ടികൾ അടക്കം എല്ലാവർക്കും നിവേദ്യ ചോറും ഇഞ്ചി തൈരും ആണ് ഭക്ഷണം.അന്നത്തെ ദിവസം ഉച്ച ഭക്ഷണം ഉണ്ടാകേണ്ടല്ലോ എന്ന് സന്തോഷത്തിൽ അമ്മമ്മ തെക്കേ മുറിയിൽ കുളി എല്ലാം കഴിഞ്ഞു വന്നു കിടന്നുറങ്ങും . അമ്പലത്തിലെ ചോറ് വെന്തു കുഴഞ്ഞിരിക്കും അതും ചുവന്ന നിറമുള്ള നെല്ലുകുത്തരി. വീട്ടിൽ പണ്ട് മുതലേ വെള്ള നിറമുള്ള ചോറാണ് വെക്കാറു . അതുകൊണ്ടു തന്നെ ചുവന്ന ചോറ് എനിക്കും അനിയത്തിക്കും ഇഷ്ടമേ അല്ല. എല്ലാ മാസവും 'അമ്മ തിങ്കളാഴ്ച വ്രതം എടുക്കും. ഇടയ്ക്കു പാവം തോന്നും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഒരു ദിവസം മുഴുവൻ ഇരിക്കുന്നത് കാണുമ്പോൾ. ഇതെല്ലം കണ്ടാലും ഞാനും അനിയത്തിയും നല്ലതു പോല്ലേ ഭക്ഷണം   തട്ട് തട്ടും. അന്നത്തെ ദിവസം 'അമ്മ അടുക്കളയിൽ കയറാത്തതു കൊണ്ട് നാലുമണി പലഹാരം കിട്ടില്ല. അത് കൊണ്ട് തന്നെ ബേക്കറി പലഹാരങ്ങൾ ഇട്ടു വെക്കുന്ന പാത്രം അന്നൊരു ദിവസം കൊണ്ട് ഞാനും അനിയത്തിയും കാലി ആകും .

അങ്ങനെ വർഷങ്ങൾ കടന്നു പോയി. സ്കൂളിൽ പഠിക്കുമ്പോൾ പുതിയ ഒരു കൂട്ടുകാരിയെ കിട്ടി. അമ്മയുടെ സഹോദരിയുടെ കൂട്ടുകാരിയുടെ മകൾ കൂടി ആണ് . ആദ്യ ദിവസം തന്നെ ഇവൾ എനിക്കൊരു പാരാ ആവും  എന്ന് എനിക്ക് മനസിലായി. ക്ലാസ്സിൽ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉറക്കെ അടുത്തിരുന്നു ഉത്തരം വിളിച്ചു പറയും. ചോദ്യം എന്താണ് എന്ന്  പോലും മനസിലാവാതെ ഞാൻ തൊട്ടടുത്ത് ഇരുപ്പുണ്ടാവും! ഭക്ഷണം എന്നും കുറെ പച്ചക്കറികൾ ആണെങ്കിലും വേറെ ഒരാളുടെ ചോറ്റും പാത്രത്തിൽ കയ്യിട്ടു കഴിക്കുന്ന സുഖം ഒന്ന് വേറെ തന്നെ  ആണ് .അവളും ഞാനും ചോറ്റും പാത്രങ്ങൾ ഇടയ്ക്കു കൈ മാറും .ആഴ്ചകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം അവൾ പറഞ്ഞു ഇന്നെനിക്കു തിങ്കളാഴ്ച വ്രതം ആണ്. ഞാൻ ഒന്ന് നോക്കി എന്നിട്ടു ചോദിച്ചു അതിനു നിന്റെ കല്യാണം ഉറപ്പിച്ചോ? . എട്ടാം ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് ഇവൾ എന്തിനാ ഇപ്പോഴേ തിങ്കളാഴ്ച വ്രതം എടുക്കുന്നത് എന്ന സംശയം ആയിരുന്നു. അമ്മയെല്ലാം എന്റെ 'അമ്മ ആയ ശേഷമേ വ്രതം എടുക്കുന്നത് ഞാൻ കണ്ടിട്ടുള്ളു. അതിനു മുന്നേ ഉള്ള കാര്യങ്ങൾ എനിക്കറിയിലിലോ . എന്തായാലും അവൾ പറഞ്ഞു "എത്ര അധികം വ്രതം എടുക്കുന്നു അത്ര നല്ല ഭർത്താവിനെ കിട്ടും."അന്ന് തലകാലം ഭർത്താവു മോഹം ഇല്ലാത്തതുകൊണ്ട് അതിനെ പറ്റി കൂടുതൽ ചിന്തിച്ചില്ല .മനസ്സിൽ കാമുകന് ആയിരുന്നു സ്ഥാന കൂടുതൽ  . ഭർത്താവിനേക്കാൾ വല്ലതു ഒരു കാമുകൻ ആണ് എന്നായിരുന്നു എനിക്ക് തോന്നിയിരുന്നത്. എന്തായാലും ആ ദിവസം എല്ലാ പീരീഡ് ഇലും തിങ്കളാഴ്ച വ്രതം ആയിരുന്നു മനസ്സിൽ.അന്ന് വീട്ടിൽ എത്തിയ ഉടനെ കൂട്ടുകാരിയുടെ തിങ്കളാഴ്ച വ്രതത്തെ പറ്റി അമ്മയോട് പറഞ്ഞു. 'അമ്മ കേട്ടതും തുടങ്ങി "ദൈവ വിചാരം വേണം. ആ കുട്ടിയെ കണ്ടു പഠിക്കു എല്ലാ വ്രതവും ഒകെ എടുക്കുന്നത്‌ കൊണ്ടാണ് ക്ലാസ്സിൽ ഫസ്റ്റ് ആവുന്നത് . അത് എങ്ങനെ നിനക്ക് ഭക്ഷണം ഇല്ലാതെ ഒരു നേരം പറ്റില്ലലോ ?"
ഒന്നും പറയാതെ പോയി മുറിയിൽ ഒട്ടിച്ചു വെച്ചിരുന്ന ഹൃതിക് റോഷനെയും മാധവനെയും നോക്കി ഞാൻ അമീഷാ പട്ടേലും ശാലിനിയുമായി മാറി അവിടെയിരുന്നു . അടുത്ത ദിവസം കൂട്ടുകാരിയുടെ ചോറ്റും പാത്രം തുറന്നപ്പോൾ അതെ നിവേദ്യ ചോറും ഇഞ്ചി തൈരും .

കോളേജ്,  മനസ്സിൽ ആയിരം വർണങ്ങൾ വിരിയുന്ന കാലം  ചുററും എന്തിനും ഭംഗി തോന്നുന്ന കാലം. ഭംഗി തോന്നുന്നു എന്നല്ല എല്ലാത്തിനും ഭംഗിയുള്ള കാലം . ഏതൊരു പെൺകൊടിയും പുരുഷ സങ്കല്പമെല്ലാം കെട്ടിപൊക്കുന്ന കാലം. ഞാനും ഉറപ്പിച്ചു ഒരു തിങ്കളാഴ്ച വ്രതം എടുക്കാൻ . അങ്ങനെ രാവില്ലേ കുളിച്ചു സുന്ദരി ആയി അമ്പലത്തിൽ പോയി പ്രർത്ഥിച്ചു അവിടെ നിന്നും തീർത്ഥം കുടിച്ചു. വ്രതം തുടങ്ങി. രാവില്ലേ ഒരു 10 മണി വരെ ഞാൻ എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. സമയം പോവുന്തോറും എന്റെ തല കറങ്ങി തുടങ്ങി. 'അമ്മ നല്ല പയറു മണി പോല്ലേ ഓടി നടക്കുന്നു. 4 നേരം മൃഷ്ടാന ഭോജനം ഭക്ഷിച്ചു ആമാശയങ്ങളെ സന്തോഷിപ്പിച്ചിരുന്ന ഞാൻ  ഒരു ദിവസം അവർക്കു ഭക്ഷണം കൊടുക്കാത്തത് കൊണ്ട് വയറിൽ ചവിട്ടുകയും കുത്തുകയും ഒകെ ചെയ്തു തുടങ്ങി. ഉച്ച അടുപ്പിച്ചു എഴുനേൽക്കാൻ പോലും കഴിയാത്ത വിധം ഞാൻ കിടപ്പായി. കണ്ണുകൾ അറിയാതെ അടഞ്ഞു പോവുമ്പോൾ മൂക്കുമുട്ടെ തിന്ന് അതിലൂടെ തെക്കു വടക്കു നടന്നിരുന്ന അമ്മൂമ്മ വന്നു ഗർജ്ജിച്ചു" വ്രതം എടുക്കുമ്പോ ഉറങ്ങുന്നോ  അശ്രീകരം . എഴുനേറ്റു പോയി വെല്ല നാമവും ജെപിക്ക് " നാമം ജപിക്കാൻ പോയിട്ട് ഒന്നും ഉരിയാടാൻ പോലുമുള്ള ആരോഗ്യം എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ ഒരു ദിവസമെങ്കിലും പട്ടിണി ഇരിക്കുന്നുണ്ടെല്ലോ എന്ന് ആലോചിച്ചു അമ്മമ്മയുടെ മുഖം സന്തോഷ കൊണ്ട് പ്രകാശിച്ചു  . ഞാൻ അവിടെ ഒരു തുള്ളി വെള്ളമില്ലാത്ത ഉമിനീര് പോലും വറ്റി വരണ്ടു ഇരിക്കുമ്പോൾ അമ്മമ്മ എന്റെ മുന്നിൽ ഇരുന്നു പഴം അകത്താക്കാൻ തുടങ്ങി. അതും നല്ല ഞാലി പൂവൻ പഴം. സമയം ഒരു 3 മണി ആയതേ ഉള്ളു. സഹിക്കാൻ പറ്റാതെ ആയി. അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നപ്പോൾ എന്നാൽ കുറച്ചു നേരം അങ്ങനെ പോവുമെല്ലോ എന്ന് ആലോചിച്ചു ചേച്ചിയുടെ കൂടെ പോയി ഇരിക്കാം എന്ന് കരുതി. അവിടെ ചെന്ന് ഇരുന്നതും അമ്മമ്മ വന്നു പറഞ്ഞു "പയ്യാരം പറയാതെ അകത്തു പോയി ഇരിക്ക് പെണ്ണേ ! ഈ സമയത്തു കുശുമ്പും പുന്നായ്മയും ഒന്നും പറയാൻ പാടില്ല"
സമയം 4 :15 ഇനി എനിക്ക് പറ്റില്ല . മനസ്സിൽ ഇപ്പോൾ ഒരു പുരുഷ സങ്കല്പവുമില്ല. അകെ ഉള്ളത് വയറിൽ നിന്നും വിളിക്കുന്ന വിശപ്പിന്റെ വിളികൾ ആണ്. ഇനിയും  ഭക്ഷണം കഴിച്ചില്ലെങ്കിൽ അടുത്ത ദിവസം ചരമ കോളത്തിൽ വ്രതം എടുത്തു കോളേജ് വിദ്യാർത്ഥിനി വടി ആയി എന്ന് നാട്ടുകാരും വീട്ടുകാരും കാണേണ്ടി വരും എന്ന് എനിക്ക് മനസിലായി . ഞാൻ ആരോടുമൊന്നുംപറയാതെ വേഗം പോയി വെള്ളം കുടിച്ചു പിന്നെ അവിടെ ഇരുന്ന പഴം എല്ലാം അകത്താക്കി അടുക്കളയിൽ ഉണ്ടായിരുന്ന എല്ലാം എടുത്തു കഴിച്ചു. ഇതെല്ലം കഴിച്ചു ആരോഗ്യം വീണ്ടെടുത്ത് സുഖമായി പോയി കിടന്നുറങ്ങി.


കല്യാണം ഉറപ്പിച്ചു!! ഇനി അധികം മാസങ്ങൾ ഇല്ല. ഇത്തവണ എന്തായാലും വ്രതം എടുക്കാൻ തീരുമാനിച്ചു ഒരാഴ്ച മുന്നേ തന്നെ അതിനുവേണ്ടിയുള്ള തയാറെടുപ്പുകൾ എടുത്തു. ഭക്ഷണം ഒരു നേരമായി കുറച്ചു വന്നു. അങ്ങനെ അവസാനം തിങ്കളഴ്ച വന്നെത്തി. രാവില്ലേ ജോലിക്കു പോയി. തിരിച്ചു വരുമ്പോഴേക്കും ക്ഷീണിച്ചിരുന്നു. എങ്കിലും അന്ന് ഒരു തുള്ളി വെള്ളമില്ലാതെ പിടിച്ചു നിന്നു 7 മണി ആയപ്പോൾ കിടന്നു . വിശക്കുന്നത് കൊണ്ട് ഉറക്കം വന്നില്ല എങ്കിലും എപ്പോഴോ ഉറങ്ങി പോയി.അതിരാവില്ലേ എഴുനേറ്റു അമ്പലത്തിൽ പോയി ഇളനീർ കഴിച്ചു. തീർത്ഥം കുടിച്ചു .വ്രതം മുറിച്ചു. വീട്ടിലേക്കു കൊണ്ട് വന്ന നിവേദ്യ ചോറ് പാത്രത്തിൽ ഇട്ടു 'അമ്മ ഉണ്ടാക്കിയ ഇഞ്ചി തൈര് ഒഴിച്ചു  . ഉരുള ആക്കി വായിൽ ഇട്ടു. ഇന്നെനിക്കറിയാം ആ നിവേദ്യ ചോറിന്റെയും ഇഞ്ചി തൈരിന്റെയും സ്വാദ് .

--ആമി--

Comments

Post a Comment