അമ്മുവിൻറെ വട്ടത്തരങ്ങൾ

അമ്മു പണ്ടേ ഒരു സ്വപ്ന ജീവിയാണ്. അവളുടെ സ്വപ്നങ്ങൾ എല്ലാം വര്ണശബളമായിരുന്നു. ആദ്യ നാളുകളിലെ അവളുടെ സ്വപ്‌നങ്ങൾ എല്ലാം അവളുടെ അച്ഛൻ അവൾക്കായി സാധിച്ചു കൊടുത്തു. കല്യാണ പ്രായവും ആയപ്പോഴേക്കും അവളിലെ ആകാംഷ വളർന്നു .തന്റെ സ്വപ്‌നങ്ങൾ പങ്കു വെക്കാൻ കിട്ടുന്ന പങ്കാളിയെ കുറിച്ചോർത്ത. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ തന്നെ അവൾ മനസ്സിൽ കൊണ്ട് നടന്ന ഹണിമൂൺ സ്വപ്നം മനുവിനോട് പറഞ്ഞു.
" മനുവേട്ടാ നമ്മുക്ക് ഹണിമൂണിന് ജമ്മു കാശ്മീരിൽ പോയാലോ? ചുറ്റും മഞ്ഞു കാണാൻ നല്ല രസമായിരിക്കും "
മനു ഒരു ചിരിയോടെ പറഞ്ഞു " അവിടെ ചെന്നിട്ടു വേണം തീവ്രവാദികളുടെ കൈ കൊണ്ട് ചാവാൻ . നമ്മുക്ക് സാധരണ മനുഷ്യരെ പോല്ലേ വെല്ല ഊട്ടിയിലോ കൊടൈക്കനാലോ പോവാം"
അമ്മുവിൻറെ മുഖം വാടി കണ്ട ഉടനെ മനു പറഞ്ഞു" എന്നെങ്കിലും നിന്നെ ഞാൻ കൊണ്ട് പോവാം. നിന്നെ ഒരിക്കലും കൊണ്ട് പോവില്ല എന്ന് ഞാൻ പറഞ്ഞില്ല . ഇപ്പോൾ പോവണ്ട എന്നല്ലേ പറഞ്ഞുള്ളു."

മാസങ്ങൾ കടന്നു പോയി. ഒരിക്കൽ അമ്മു രാത്രിയുടെ യാമങ്ങളിൽ പറഞ്ഞു" മനുവേട്ടാ നമ്മൾ ഒരു തോണിയിൽ നിലാവുള്ള രാത്രിയിൽ തോണി തുഴഞ്ഞു പോവുന്നത് ആലോചിച്ചേ. നല്ല രസമായിരിക്കും"
ഉറക്കച്ചടവോടെ മനു പറഞ്ഞു "നട്ടപ്പാതിരക്  തോണി തുഴയുന്നത് കണ്ടാൽ ആളുകൾ പറയും വട്ടാണ് എന്ന്. പിന്നെ രാത്രി തുഴഞ്ഞു പോവാൻ തോണി നിന്റെ അച്ഛൻ കൊണ്ട് വരുമോ?എന്തായാലും പറഞ്ഞതല്ലേ എന്നെങ്കിലും കൊണ്ട് പോവാം"


സിനിമയിലെ പ്രണയാദ്രമായ നിമിഷത്തിൽ അതിലെ നായികയും നായകനും ബുള്ളറ്റിൽ പോവുന്നത് കണ്ടപ്പോൾ അമ്മുവിന് സഹിച്ചില്ല അമ്മു മനുവിനോടായി പറഞ്ഞു. "ഏട്ടാ നമ്മുക്ക് കാർ  വേണ്ട പകരം ഒരു ബൈക്ക് മതി അതാവുമ്പോൾ ഏട്ടനേയും ചുറ്റിപിടിച്ചു പറപ്പിച്ചു നമ്മുക്ക് ഏതെങ്കിലും താഴവരങ്ങിലേക്കു ഒരു യാത്ര പോവാം"
ഇത്തവണ മനു ഒന്നും പറഞ്ഞില്ല സിനിമയിലേക്കു കണ്ണും നട്ടിരുന്നു.അവന്റെ മൗനം  അവളെ വളരെയധികം വേദനിപ്പിച്ചു.അവളുടെ സ്വപ്നങ്ങൾക്കു അവനിട്ടിരുന്ന വില അവൾ ആ സമയം കൊണ്ട് മനസിലാക്കിയിരുന്നു.

പിന്നീട് അവൾ അവളുടെ സ്വപ്നങ്ങളെ പറ്റി പറയാതെ ആയി. അവൾ അവളിലേക്ക് തന്നെ ഉൾവലിഞ്ഞു കൊണ്ടിരുന്നു . ആദ്യമുണ്ടായിരുന്ന  അവളിലെ കളിയും ചിരിയും എല്ലാം പോയ് മറഞ്ഞു. പതിയെ യഥാർത്ഥ്യവുമായി അവൾ പൊരുത്ത പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു..പക്ഷെ എത്രയൊ ക്കെ ശ്രമിച്ചിട്ടും ഇടയ്ക്കൊക്കെ അവളുടെ സ്വപ്നങ്ങൾ വീണ്ടും അവളെ അലോസരപെടു ത്തിക്കൊണ്ടിരുന്നു.

ഒരു ദിവസം രാത്രി തകൃതിയായി മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മനു നല്ല ഉറക്കത്തിലും. അമ്മു പതിയെ മുറ്റത്തേക്കു ഇറങ്ങി മഴ നനഞ്ഞു തുടങ്ങി.എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അന്നവൾക്കു. പിറ്റേന് രാവില്ലേ മനു കണ്ണ് തുറക്കുമ്പോൾ അമ്മു പ്രസരിപ്പോടെ  ഓടി വന്നു മനുവിന് ചായ കൊടുത്തു. മനു നോക്കുമ്പോൾ അമ്മുവിന് ആകെ  ഒരു മാറ്റം. മുഖത്തു എന്തെന്നില്ലാത്ത പുഞ്ചിരിയും സന്തോഷവും.


വീണ്ടും അമ്മുവിൻറെ ജീവിതത്തിൽ വെളിച്ചം വീശി തുടങ്ങി . സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീടങ്ങോട്ട് .  ഒരു ദിവസം രാത്രി മനു കണ്ണു തുറന്നപ്പോൾ അമ്മു അടുത്തില്ല.

ആ ഒരു നിമിഷത്തിൽ മനു ആലോചിക്കാത്തതായി ബാക്കി ഒന്നുമില്ല. വീടിനകത്തൊക്കെ മനു അമ്മുവിനെ തിരഞ്ഞു , അവളെ കാണ്മാനില്ല. അമ്മുവിൻറെ സ്വഭാത്തിലെ മാറ്റത്തിനെ പോലും മനു അറിയാതെ സംശയിച്ചു പോയി. ചിന്തകൾ അവിഹിതത്തിൽ വരെ കൊണ്ടെത്തിച്ചു.

പെട്ടന്നാണ് മുകളിലെ ബാല്കണിയുടെ വാതിൽ ശക്തമായി അടഞ്ഞതു. മനു അമ്മുവിൻറെ ജാരനെ പിടിക്കാൻ മുകളിലേക്കു ഓടി. ബാല്കണിയിൽ അമ്മു കിടക്കുകയാണ് നക്ഷത്രങ്ങളെയും നോക്കി. മനുവിനെ കണ്ടതും അമ്മു ചോദിച്ചു "എന്താ മനുവേട്ടാ ഉറക്കം വന്നില്ലേ? ഇന്ന് നല്ല നിലാവുണ്ട് . അത് കണ്ടപ്പോൾ ഇവിടെ വന്നു ആകാശം നോക്കി കിടക്കാൻ കൊതി ആയി."


മനു ചോദിച്ചു "നിനക്ക് വട്ടുണ്ടോ അമ്മു? ഈ നട്ടപ്പാതിരക്കു.... കൊള്ളും കൊലയും  നടക്കുന്ന കാലമാണ് .ഇനി അങ്ങനെ വന്നു കിടക്കണമെങ്കിൽ തന്നെ  എന്റെ കൂടെ വന്നു കിടന്നാൽ പോരെ? "

അമ്മു നക്ഷത്രങ്ങളെ  നോക്കി മന്ദഹസിച്ചു.എവിടെ നിന്നോ ഒരു ബൈകിന്റെ ശബ്ദം കേട്ട് പട്ടികൾ ഓളിയിട്ടു . മനു അമ്മുവിനെയും വിളിച്ചു താഴെ മുറിയിലേക്കു നടന്നു.!

Comments

Post a Comment