എൻറെ തൃശ്ശൂർ പൂരം

തൃശൂർ പൂരത്തിന് പോയിട്ടുണ്ടോ ? കേരളത്തിൽ എല്ലാ ആളുകൾക്കും അറിയാവുന്നതാണ് തൃശൂർ പൂരം. ഞങ്ങളെ അച്ഛൻ തൃശൂർ പൂരത്തിന് പോയിട്ട് വീടിനു അടുത്തുള്ള പൂരത്തിന് പോലും വിട്ടിട്ടില്ല. എന്നാൽ തൃശൂർ പൂരം ആവാറായി  എന്ന് കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാണ് എന്താണ് എന്നല്ലേ. തൃശൂർ പൂരത്തിന് മുന്നേ  അവിടെ ഗ്രൗണ്ടിൽ എക്സിബിഷൻ വരും . തൃശൂർ പൂരം മെയ് മാസം ആണ് . ഏപ്രിൽ മാസത്തിൽ വിഷു ആയകാരണം കയ്യിൽ പൈസ കിട്ടും. അതൊക്കെ കൂട്ടി വെച്ച് ആണ് തൃശൂർ എക്സിബിഷന് പോവാ. 



വിഷു സമയത്തു ഏറ്റവും കൂടുതൽ പൈസാ തരുന്നത്  അമ്മായി ആണ് . ആ കാലത്തു 500 രൂപ വരെ ഒകെ അമ്മായി തന്നിട്ടുണ്ട് . വിഷു ദിവസം നമ്മൾ കയറി ഇറങ്ങാതെ വീട് ഉണ്ടാവില്ല. വല്യച്ഛന്റെ തറവാട് വീട് അടുത്താണ്. വല്യച്ചനും വല്യമ്മയും അവിടെ പോവുമ്പോൾ. പിന്നാലെ ഞങ്ങൾ കുട്ടി പടകളും പോവും. വല്യച്ഛന്റെ വീട്ടിലേക്കുള്ള പോക്ക്  ഒരു ആഘോഷമാണ് പോവുന്ന വഴി ഒരു പാടത്തിന്റെ വരമ്പിലൂടെ വേണം നടക്കാൻ . അത് കഴിഞ്ഞാൽ ഒരു തോട് ആണ്. തോടിൽ കുറച്ചു നേരം കളിച്ചു മീനിനെ പിടിച്ചു കുപ്പിയിലാക്കി വീട്ടിൽ കൊണ്ട് വരുമ്പോൾ 'അമ്മ പറയും അത് മാക്രി ആണ് എന്ന്. 2 ദിവസം അല്ല അത് മീൻ തന്നെ ആണ് എന്ന് വിചാരിച്ചു വാശി പിടിക്കും കളയാതെ . പിനീട് അതിനു മാക്രി ആയി വളരുമ്പോൾ എടുത്തു ദൂരെ കളയും . അന്ന് എന്തായാലും മീൻ കുഞ്ഞിനേയും  മാക്രിയെയും തിരിച്ചു അറിഞ്ഞിരുന്നില്ല. ഇപ്പോഴും അറിയുമോ എന്ന് അറിയില്ല.


എന്തായാലും ആഘോഷമായി വല്യച്ഛന്റെ വീട്ടിൽ എത്തിയാൽ വല്യച്ഛന്റെ അമ്മയുടെ കൈയിൽ നിന്നും വല്യച്ഛന്റെ മേമയുടെ കൈയിൽ നിന്നും പൈസാ ഒകെ വാങ്ങി അവിടുത്തെ പൊട്ടിക്കാൻ പാടില്ലാത്ത മാങ്ങാ മരത്തിൽ നിന്നും ആരും കാണാതെ കണ്ണിമാങ്ങയും, നെല്ലിക്കയും എല്ലാം പൊട്ടിച്ചു പോക്കറ്റിൽ ആകും. (അന്നത്തെ ദിവസം എന്തുവന്നാലും പോക്കറ്റുള്ള ഡ്രസ്സ് ഞാൻ ധരിക്കുള്ളൂ). അവിടെ പശുവും പശുകുട്ടിയും ഒകെ ഉണ്ട്. അവരുടെ അടുത്ത് പോയി കുറച്ചു വയ്ക്കോൽ ഒകെ കൊടുത്തു. 2  തലോടൽ ഒകെ കൊടുത്തു  കിട്ടിയ പൈസ മാങ്ങാ പിന്നെ മാക്രി ഇതെല്ലം ആയി ഒരു ഒരു രാജകീയ വരവുണ്ട്. 


അടുത്ത ദിവസം അച്ഛന്റെ വീട്ടിൽ നിന്നും അച്ഛന്റെ കുടുംബക്കാർ എല്ലാം വന്നു പൈസാ തരും . എന്നും ഇല്ലാത്ത സ്നേഹം ആണ്  അന്ന് എനിക്കു എല്ലാവരോടും. എന്ത് പറയാൻ എന്തായാലും വിഷു കഴിയുമ്പോൾ ഒരു 1500 രൂപ എങ്കിലും കൈയിൽ കാണും.



പിന്നെ തൃശൂർ എക്സിബിഷന് വേണ്ടി ഉള്ള കാത്തിരിപ്പാണ് . എല്ലാവരും കൂടി ആഘോഷമായാണ് പോവാറു. വല്യമ്മ ,അമ്മായി ,കുട്ടികൾ ഞങ്ങൾ അങ്ങനെ .അവിടെ എത്തി കഴിഞ്ഞാൽ, ആദ്യത്തെ കുറെ കടകൾ പരവതാനി ചവിട്ടികൾ സോഫ കവർ ഒകെ ആണ് . മുതിർന്ന ആളുകൾ ആ കടകളിൽ കേറുമ്പോൾ ഞങ്ങൾ കുട്ടികൾ കലി തുള്ളി നില്കും. എത്രയും പെട്ടന്നു ഞങ്ങൾക്കു മാലയും വളയും ടോയ്‌സ് എല്ലാം  കിട്ടുന്ന കടയിൽ എത്തണം. എന്തായാലും അവിടെ വെച്ച് ഒരു അടി വയ്യാത്തത്  കൊണ്ട് എല്ലാവരും മിണ്ടാതെ ഇരിക്കും.അങ്ങനെ ഞങ്ങളുടെ പ്രിയപ്പെട്ട കടകൾ എത്തുമ്പോൾ തുടങ്ങും അടുത്ത പ്രശ്നം നമ്മുക്ക് ഇഷ്ടപെട്ടത് അമ്മമാർക്ക് ഇഷ്ടപ്പെടില്ല. അല്ലെങ്കിൽ ഒരാൾക്ക് ഇഷ്ടപെട്ടത് എല്ലാവർക്കും ഇഷ്ടപെടും. ഒരു പീസ് മാത്രമാണെകിൽ ആർക്കും അത് വാങ്ങിച്ചു തരില്ല .പിന്നെ അവിടെ വെച്ച് ഒരു കരച്ചിൽ അഭിനയം അമ്മയുടെ കൈയിൽ നിന്നും ആരും കാണാതെ ഒരു പിച്ച് ഇതെല്ലം കഴിഞ്ഞു അങ്ങനെ സങ്കടപ്പെട്ടൊക്കെ നടക്കുമ്പോൾ വരും അച്ചാറുകൾ . എന്റെ നാട്ടിൽ ഒന്നും മീൻ അച്ചാറുകൾ കിട്ടാത്ത സമയമാണ്. അതുകൊണ്ടു തന്നെ എക്സിബിഷന് പോവുമ്പോൾ ആണ് മീൻ അച്ചാർ വാങ്ങുന്നത്. അവിടെ ഉള്ള ഒരു കിടുക്കൻ അച്ചാറാണ് കല്ലുമ്മക്കായ അച്ചാർ . ബാക്കി ഉള്ള ആളുകൾക്കൊന്നും മീൻ അധികം പിടിക്കാത്ത കൊണ്ട് എനിക്കു സമാധാനമാണ് കാരണം ആ മീൻ അച്ചാർ എനിക്കു മാത്രം സ്വന്തമാണ്. ( അന്ന് വാങ്ങിച്ച മീൻ അച്ചാർ ഇന്ന് അവിടെ കിട്ടുകയില്ല, അത് മാത്രമല്ല അത്രയും രുചിയുള്ള മീൻ അച്ചാർ പിന്നീട് ഞാൻ കഴിച്ചിട്ടുമില്ല )അങ്ങനെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ആയി നടക്കുമ്പോൾ നമ്മൾ നേരെ കരിമ്പ് ജ്യൂസ് കടയിൽ എത്തും. അവിടുന്നൊരു കരിമ്പ് ജ്യൂസ് ഒകെ കുടിച്ചു , നേരെ ഒരു നടപ്പാണ് ഞങ്ങൾ കുട്ടികൾക്ക് ആർക്കും ഇഷ്ടമല്ലാത്ത ഗതാഗത കയർ സ്റ്റാളുകളിലേക്കു . ഞങ്ങൾ അവിടെയുള്ളത് ഒന്നും നോക്കാതെ പിന്നാലെ വരുന്ന കുട്ടികളുടെ കൈയിൽ ഞങ്ങൾ വാങ്ങാത്ത എന്തൊക്കെ സാധനം ആണ് ഉള്ളത് എന്ന് നോക്കി നടക്കും. എന്നാൽ അമ്മയും വല്യമ്മ അമ്മയി ഒകെ അവിടെ എത്തുമ്പോൾ പതുകെ ഇറങ്ങുള്ളൂ. ഒരു കാരണം, ഇത്രയും നേരം ടാർപ്പായ വിരിച്ച  നിലത്തുകൂടെ ആണ് നമ്മൾ നടന്നത് എങ്കിൽ ഈ സ്റ്റാളുകളിൽ എല്ലാം ഫാൻ ഉണ്ട് അപ്പോൾ കാറ്റൊക്കെ കിട്ടി ക്ഷീണം മാറ്റിയെ അവർ അവിടെ നിന്നും ഇറങ്ങുകയുള്ളു.




അങ്ങനെ അവിടുന്ന് ഇറങ്ങി നേരെ ബജി കടയിലെകുള്ള ഓട്ടമാണ് ഞങ്ങൾ. നല്ല മുളക് ബജി , കാളീഫ്ലവർ  ബജി  ഇതാണ് സ്ഥിരമായി ഞങ്ങളുടെ ബജി . ഇതെല്ലം അടിച്ചു പെരുകും. ഇതിനു മുന്നിൽ ആണ് കുട്ടികൾക്ക് കളിക്കാനുള്ള എല്ലാം ഒരുക്കിയിരിക്കുന്നത്. ഒരെണ്ണത്തിൽ കേറാൻ 10 രൂപ മുതൽ  50 വരെ ഒകെ കാണും. ഞങ്ങളെ സന്തോഷിപ്പിക്കാൻ മനസിലെ മനസോടെ ഏതെങ്കിലും 2 -3 എണ്ണത്തിൽ കേറാനുള്ള അനുവാദം അമ്മമാർ തരും അങ്ങനെ കളി ഒകെ കഴിഞ്ഞു  ബുക്ക് സ്റ്റാളിൽ നിന്നും വീട്ടുകാരെ സന്തോഷിപ്പിക്കാൻ 2 ബുക്കും വാങ്ങി തിരിച്ചു വണ്ടി കേറും. പിന്നെ അടുത്ത വർഷത്തെ വിഷുവിനും അതിനു ശേഷമുള്ള എക്സിബിഷനുമുള്ള കാത്തിരിപ്പായി. ഇതിനിടക്ക്‌ എപ്പോഴോ പൂരം ആണ് എന്നൊക്കെ പറയുന്നത് കേൾകാം . ഇതാണ് എന്റെ തൃശൂർ പൂരം.

Comments