സുന്ദരി

ഒരു സ്ത്രീയുടെ സൗന്ദര്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് അവളുടെ കല്യാണ ദിനങ്ങളിലോ, കൗമാര പ്രായത്തിലോ, പ്രണയിക്കുമ്പോഴോ  അല്ല. മറിച്ചു അവളുടെ ഗർഭസ്ഥ കാലത്താണ്. അവൾ ഒരമ്മയാകാൻ തയ്യാറെടുക്കുമ്പോഴാണ്...


അതുവരെ കണ്ണെഴുതി ,പൊട്ടു തൊട്ടു, ഉടുത്തൊരുങ്ങി നടന്ന് ; ഇതുവരെ അറിയാത്ത ക്ഷീണത്തിൽ അവൾ തളരുമ്പോൾ.... സൗന്ദര്യത്തെ പോലും മറന്ന് തളർന്ന കണ്ണുകൾക്കും ....... ഉടുത്തൊരുങ്ങാൻ പോലും ആരോഗ്യമില്ലാതെ കൈയിൽ കിട്ടുന്നത് എന്തും ധരിച്ചും നടക്കുമ്പോൾ ഉണ്ടാവുന്ന സൗന്ദര്യത്തിനാണ് കൂടുതൽ അഴക് .




ഭക്ഷണത്തിൻറെ രുചിപോലും അറിയും മുൻപ് ഛർദിയുമായി ഓടി പോയി തെങ്ങിൻ ചുവട്ടിൽ ഇരുന്നു കണ്ണ് നിറയുമ്പോൾ ഉണ്ടാവുന്ന സൗന്ദര്യോളം വരില്ല മറ്റൊന്നിനും. മറ്റാരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നറിയുമ്പോൾ ഓടി പോയി ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും ഒരു കുപ്പി മുഴുവൻ ഇരുന്നു തിന്നു ഒന്നും അറിയാത്തവളെ പോല്ലേ എല്ലാവർക്കും മുൻപിൽ പ്രത്യക്ഷ പെടുമ്പോൾ ഉണ്ടാവുന്ന ആ ചെറിയ കളങ്കം പോലും ഒരു സൗന്ദര്യമായ് മാറുന്നു .

ആദ്യ മാസങ്ങളിൽ ഭക്ഷണത്തോടുള്ള വെറുപ്പും. അറിയാതെ മാനസിക സമർദ്ദനങ്ങളിൽ കിടന്നു ചക്ര ശ്വാസം വലിക്കുമ്പോഴും വയറിൽ തലോടി കുഞ്ഞുവാവക്ക് ഒന്നും സംഭവിക്കില്ല എന്ന് ഓടി പോയി ഭഗവാന് മുന്നിൽ പ്രാർത്ഥിക്കുമ്പോഴും  ഉണ്ടാവുന്ന സൗന്ദര്യം പകരം വെക്കാൻ പറ്റുന്നതല്ല

പണ്ട് ഓടി നടന്നടത്തൊക്കെ കാലിലെ വേദനയും  നീരും കാരണം  മന്ദം മന്ദം ചലിക്കുമ്പോൾ.......
നട്ടപാതിര്കു വിശപ്പ് കൊണ്ട് ഓടി നടന്നു പാത്രങ്ങൾ തുറക്കുമ്പോൾ...വയറിന്റെ വലുപ്പം കൂടിക്കൂടി വരുമ്പോൾ, കുഞ്ഞുവാവ  ചവിട്ടിയും കുത്തുമെല്ലാം കൊണ്ടും  ചലനമറിയിച്ചു തുടങ്ങുമ്പോൾ...

കണ്ണാടിക്കു മുന്നിൽ സൗന്ദര്യം ആസ്വദിച്ചിരുന്ന ഇടതു ഇന്ന് കഴുത്തിലെ കറുപ്പും,കൺതടങ്ങളിൽ തളർച്ചയും , ദേഹമാസകലം ശരീര സൗന്ദര്യത്തെ കീഴ്പെടുത്തി ചുവന്ന  പാടുകൾ പ്രത്യക്ഷപ്പെട്ടു അഭംഗിയുടെ പടികൾ കയറുമ്പോൾ...



എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ കരഞ്ഞും ചിരിച്ചും പിണങ്ങിയും ഇണങ്ങിയും , ചിലപ്പോൾ അതികഠിനമായ മറ്റാർക്കും മനസ്സിലാകാത്ത നിരാശയിലേക്കു വീണുപോയി, ചിലപ്പോൾ കുഞ്ഞിനെപ്പോലെയും മറ്റു ചിലപ്പോൾ മുതിർന്നവളെപ്പോലെയും പെരുമാറി അത്ഭുതപെടുത്തുമ്പോൾ...


അസുഖങ്ങളും ശാരീരിക വേദനകളും വരുമ്പോഴും, വയറ്റിലെ കുഞ്ഞാവക്കു ഒന്നും പറ്റരുതേ എന്ന് കരുതി വേദന സംഹാരികളും മരുന്നുകളും കഴിക്കാതെ സഹിക്കുമ്പോഴും... ആയുരാരോഗ്യം ഉള്ളൊരു കുഞ്ഞാവ വന്നു പിറക്കാൻ സദാ സമയവും മനസിൽ നാമജപവുമായി നടക്കുമ്പോഴും...

ഇന്നുവരെ കാണാത്ത അവളുടെ ജീവനെ പേറുന്ന ,  ജീവന്റെ തുടിപ്പുകൾ അറിയുന്ന, തന്നെപ്പറ്റി ചിന്തിക്കാതെ പിറക്കാൻ പോകുന്ന കുഞ്ഞുവാവയെ പറ്റി മാത്രം ചിന്തിക്കുന്ന മറ്റൊരാൾ ആയി മാറിക്കഴിഞ്ഞ പെണ്ണിലേയ്ക്ക് നിങ്ങൾ നോക്കണം. അവൾക്കുവന്ന ശാരീരിക മാനസിക മാറ്റങ്ങൾക്കപ്പുറം... അവൾ ജീവിതത്തിൽ ഏറ്റവും തേജസും സൗന്ദര്യവും ഉള്ളവളായി കാണാം.


കണ്ണുകളിൽ സന്തോഷത്തിന്റെയും പ്രത്യാശയുടെ തിളക്കമുള്ള  , രണ്ട് ജീവന്റെ തേജസുള്ള... ഭൂമിയിലെ ഏറ്റവും വലിയ പുണ്യവും അത്ഭുതവും പേറുന്ന അവൾ.. അപ്പോഴായിരിക്കും ഏറ്റവും സുന്ദരിയായി ഇരിക്കുക. ഈ ജന്മത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിനങ്ങളിൽ തന്നെ ആയിരിക്കും അവൾ ഏറ്റവും സുന്ദരിയായി ഇരിക്കുക .
അതെ ഞാനുമിപ്പോൾ സുന്ദരിയാണ്.....

--ആമി--

Comments