വലിയച്ഛൻ

 ഞങ്ങളുടെ തരവാട്ടിലേക്ക് ഇടയ്ക്കൊക്കെ വലിയൊരു ശബ്ദത്തോടെ ഒരാൾ എത്തും — വലിയച്ഛൻ. സൈന്യത്തിൽ ഒണിറ്റി ലെഫ്റ്റനന്റ് ആയി ജോലി ചെയ്തിരുന്ന വലിയച്ഛൻ വിരമിച്ചതിന് ശേഷം, തന്റെ പഴയ ബുള്ളറ്റ് മോട്ടോർസൈക്കിളിൽ ഞങ്ങളുടെ വഴിയിലൂടെ വരും. ബുള്ളറ്റിന്റെ ഗുരുതരമായ ശബ്ദം കേൾക്കുമ്പോൾ തന്നെ, നമ്മൾക്കറിയാം – വലിയച്ഛൻ എത്തിയിരിക്കുന്നു.

എന്നാൽ വലിയച്ഛൻ ഉച്ചഭക്ഷണം ഒരിക്കലും ഞങ്ങളുടെ വീട്ടിൽ കഴിക്കുകയില്ല. വലിയച്ഛൻ തന്റെ വീടായ മണിയൽ തോടിയിൽ പോയി കഴിച്ചിട്ട്, തിരിച്ചുവന്ന്, ഞങ്ങളുടെ വീട്ടിലെ കാവി നിലത്ത് കിടക്കും.

വലിയച്ഛൻ കിടക്കുന്ന ഉടനെ നമ്മൾ – കുട്ടികൾ – വലിയച്ഛന്റെ വലിയ വയറിന് മുകളിൽ ഇരിക്കും. ചിലപ്പോൾ ഇരുന്ന്, ചിലപ്പോൾ ചെറു കളിയോടെ ചാടിയും. വലിയച്ഛൻ കണ്ണടച്ചു കിടന്നാലും, നമ്മൾ വയറിന് മുകളിൽ ഇരുന്നാൽ വലിയച്ഛന്റെ മീശയ്ക്കടിയിൽ നിന്ന് പൊട്ടിച്ചിരി പുറത്തുവരും.



കുറച്ചു സമയത്തിന് ശേഷം, വലിയച്ഛൻ നമ്മളെല്ലാം അടുത്തേക്ക് വിളിക്കും. വലിയച്ഛൻ പോക്കറ്റിൽ നിന്നൊരു കിറ്റ്കാറ്റ് ചോക്ലേറ്റ് എടുത്ത്, അതിനെ പൊട്ടിച്ചിട്ട്, നമ്മളിൽ എല്ലാവർക്കും കൊടുക്കും. നമ്മളിൽ ആരും ചെറിയ കഷണം കിട്ടാതിരിക്കില്ലെന്ന് വലിയച്ഛൻ ഉറപ്പാക്കും.

എന്നാൽ ഏറ്റവും രസകരമായിരുന്നു വലിയച്ഛന്റെ മുടി പറിച്ചെടുത്തു കളിക്കുന്നത് . വലിയച്ഛൻ തല കുനിച്ച് പറയും:
“എന്റെ വെളുത്ത രോമം പറിച്ചാൽ, ഒരു രൂപ കിട്ടും!”

ഞങ്ങൾ മത്സരിച്ചുകൊണ്ട് വലിയച്ഛന്റെ തലയിൽ നിന്ന് വെളുത്ത രോമങ്ങൾ പറിക്കും. ഓരോ രോമത്തിനും വലിയച്ഛൻ ഒരു രൂപ വീതം കൊടുക്കും. നമ്മൾ പലപ്പോഴും ചോദിക്കും:
“വലിയച്ഛാ, എല്ലാം പറിച്ചെടുത്താൽ ഇനി എങ്ങിനെ?”

വലിയച്ഛൻ മീശ ചുറ്റി കൊണ്ട് ചിരിക്കയും പറയും:
“എന്റെ തലയിൽ വെളുത്ത രോമം ഒരിക്കലും തീരില്ല"

ഇന്ന് ഓർക്കുമ്പോൾ, അത് ഒരു ചെറിയ കളിയല്ലായിരുന്നു. മണിയൽ തൊടിയിൽ നിന്ന് ഭക്ഷണം കഴിച്ച് തിരിച്ചുവന്ന്, ഞങ്ങളുടെ വീട്ടിലെ കാവി നിലത്തിൽ കിടന്നിരുന്ന വലിയച്ഛൻ – വലിയച്ഛന്റെ വയറിന്മേൽ ഇരുന്ന നമ്മുടെ കളികൾ, വലിയച്ഛൻ കൈയിൽ കൊടുത്ത കിറ്റ്കാറ്റ്, വലിയച്ഛന്റെ വെളുത്ത രോമങ്ങൾക്ക് കിട്ടിയ ഒരു രൂപ – എല്ലാം ചേർന്നാണ് നമ്മുടെ ബാല്യം ഒരു നിറമുള്ള ഓർമ്മയായത്.


--ആമി--

Comments